gnn24x7

റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ വിമാനസർവീസുകൾ മുടങ്ങി; ഇന്ത്യൻ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ

0
697
gnn24x7

ന്യൂഡൽഹി: റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ യുക്രെയ്നിൽ കുടുങ്ങി. വിമാനസർവീസുകൾ മുടങ്ങിയതോടെ ഇന്ത്യൻ രക്ഷാദൗത്യവും അനിശ്ചിതത്വത്തിലായി. റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്കേർപ്പെടുത്തുകയും കീവ് വിമാനത്താവളം അടച്ചിടുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ടത്.

സംഭവങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും നിലപാട് ഉടൻ യുഎൻ രക്ഷാസമിതിയിൽ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിക്കുകയും ചെയ്തു. രക്ഷാദൗത്യത്തിന്റെ ഭാഗമായി 241 വിദ്യാർഥികളുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. രണ്ടാംഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കീവിൽ ഇറങ്ങാൻ സാധിക്കാതെ മടങ്ങി. യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതോടെയാണ് മടക്കം. അതേസമയം പ്രത്യേക വിമാനത്തിൽ ഒരു സംഘം ഇന്ത്യക്കാരെ ഇന്ന് രാവിലെ ഡൽഹിയിലെത്തിച്ചിരുന്നു. 26 നും കീവിലേക്ക് ഇന്ത്യ വിമാന സർവീസുകൾ ക്രമീകരിച്ചിരുന്നു.

യുക്രെയ്നിൽ ഏകദേശം 18,000 വിദ്യാർഥികളടക്കം 20,000 ഇന്ത്യക്കാരാണുള്ളത്. അവർക്കു തിരിച്ചു വരാൻ സൗകര്യങ്ങൾ വേണ്ടത്ര ഇല്ല എന്ന സ്ഥിതി വന്നപ്പോൾ വ്യോമയാനമന്ത്രാലയവുമായി ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിദേശകാര്യ വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കവേയാണ് പുതിയ പ്രതിസന്ധി. റഷ്യ യുക്രെയ്നിൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് കിഴക്കൻ യുക്രെയ്ൻ മേഖലയിലെ വ്യോമാതിർത്തി റഷ്യ അടച്ചിരുന്നു. മേഖലയിൽ സിവിലിയൻ വിമാനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here