ന്യൂഡൽഹി∙ യുക്രെയ്നിലെ സുമിയിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആദ്യ സംഘവുമായി ഇന്നു രാവിലെ 5.50ന് എത്തിയ AI 1954 വിമാനത്തിൽ 85 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ ഡൽഹിയിൽ നിന്ന് ദുബായിലേയ്ക്ക് പോകും. അവശേഷിക്കുന്ന 83 പേരും ഇന്നലെ എത്തിയ എട്ടു പേരുമടക്കം 91 പേർ വൈകുന്നേരം ആറിന് പുറപ്പെടുന്ന എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും. കേരളത്തിലെത്തേണ്ടത് ആകെ 252 പേരാണ്. പോളണ്ടിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ 41 മലയാളികളുണ്ട്. ഇവരും വൈകിട്ട് പുറപ്പെടുന്ന ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും.
എയർഫോഴ്സിന്റെ സി 17 ഫ്ലൈറ്റിൽ 120 മലയാളി വിദ്യാർത്ഥികളാണ് എത്തിച്ചേർന്നത്. ഇവരിൽ 48 വിദ്യാർത്ഥികളും ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും. ബാക്കിയുള്ള 52 പേരെ കൊമേഴ്സ്യൽ ഫ്ലൈറ്റുകളിൽ ഇന്നുതന്നെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ബുധനാഴ്ച 12 ബസുകളിലായി 694 പേരെ പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലീവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, തുനീസിയ പൗരൻമാരെയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു.