കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണപരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം നടക്കുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നു കാവ്യാ മാധവനിലേക്കു മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണു ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖയിലുള്ളതെന്നാണ് അവരുടെ നിഗമനം.
ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അവർ സൂചിപ്പിക്കുന്നു.
സൈബർ ഹാക്കർ സായ്ശങ്കറിന്റെ ഫോണിൽ നിന്നാണു കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഫയലുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്.





































