ന്യൂയോർക്ക്: ഒരു പാക്കറ്റ് ചിപ്‌സ് മോഷ്‌ടിച്ചെന്ന കുറ്റം ചുമത്തി ന്യൂയോർക്ക് പൊലീസ് എട്ടുവയസ്സ് മാത്രം പ്രായമുള്ള കറുത്ത വർഗക്കാരനായ ബാലനെ കസ്‌റ്റഡിയിൽ എടുത്തതു വിവാദമാകുന്നു. കുട്ടിയെ പൊലീസ് വാഹനത്തിന് അടുത്തേക്കു പൊലീസ് ഉദ്യോഗസ്ഥൻ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ വിമർശനമാണ് സിറാക്യൂസ് പൊലീസിനെതിരെ ഉയരുന്നത്. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി പരിശോധിച്ചു വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സിറാക്യൂസ് പൊലീസ് അറിയിച്ചു. എന്നാൽ കുട്ടിയെ വിലങ്ങ് അണിയിച്ചുവെന്ന ആരോപണം പൊലീസ് തള്ളി.
നിങ്ങൾ എന്താണീ ചെയ്യുന്നതെന്ന് വിഡിയോ പകർത്തുന്നയാൾ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. നിങ്ങൾക്ക് ഊഹിക്കാം ഞാൻ എന്താണ് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ മറുപടി. കുട്ടിയെ അനുചിതമായി പൊലീസ് ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യുന്ന നോക്കിനിൽക്കുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും വിഡിയോയിൽ കാണാം. മോഷണക്കുറ്റത്തിനാണു കുട്ടിയെ പിടികൂടിയതെന്നു മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു. കൊടുംകുറ്റവാളിയെ കൈകാര്യം ചെയ്യുന്നതു പോലെയാണ് പൊലീസ് കുട്ടിയോട് പെരുമാറിയതെന്നു വിഡിയോ പകർത്തിയാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പൊലീസ് ഉദ്യോഗസ്ഥർക്ക് കുട്ടിയെ നേരത്തെ അറിയാമെന്നാണ് വിഡിയോ ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നതെന്നും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകിയതായും സിറാക്യൂസ് മേയർ ബെൻ വാൽഷ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്കെതിരെ കേസെടുത്തില്ലെന്നും വീട്ടിൽ കൊണ്ടുപോയി വിട്ടതായും സിറാക്യൂസ് പൊലീസ് അറിയിച്ചു. സിറാക്യൂസ് പൊലീസിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു കുട്ടിയുടെ പിതാവ് അറിയിച്ചു.





































