കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും പ്രതി കിരണ്‍ കുമാര്‍. വിസ്മയ കേസിലെ ശിക്ഷാവിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരണ്‍കുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചുനിന്നിരുന്ന കിരണ്‍, ഇതോടെ മറുപടി നല്‍കി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.
കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങള്‍ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയില്‍ ആവര്‍ത്തിച്ചത്.
കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിസ്മയ കേസിലെ ശിക്ഷ വിധിക്കുന്നത്. ശിക്ഷാവിധിക്ക് മുമ്പ് പ്രോസിക്യൂഷനും പ്രതിഭാഗവും രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗവും വാദിച്ചു.