gnn24x7

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ.

0
281
gnn24x7

തൃശ്ശൂർ: കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. 14 ദിവസത്തേക്കാണ് തൃശ്ശൂർ പോക്സോ കോടതി റിമാൻഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.

തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽ വെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയിരുന്നു. അന്ന് കുട്ടികൾ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നൽകിയിരുന്നില്ല. എന്നാൽ തൊട്ടടുത്തദിവസവും പ്രതി ഇത് ആവർത്തിച്ചതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

നഗ്നതാപ്രദർശനം നടത്തിയത് സിനിമാ നടനാണെന്ന് കുട്ടികളോ ഇവരുടെ വീട്ടുകാരോ തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് ഈ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. ഇതോടെയാണ് കാറിൽ വന്നത് നടൻ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. തുടർന്ന് വ്യാഴാഴ്ച രാവിലെ തൃശ്ശൂരിലെ വീട്ടിൽനിന്ന് നടനെ തൃശ്ശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പരാതി നൽകിയ കുട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, തനിക്ക് മാനസികരോഗമുണ്ടെന്നും ഇതിന് ചികിത്സ തേടുന്നതായും നടൻ പോലീസിനോട് പറഞ്ഞു. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. മരുന്ന് കഴിക്കാത്തതിനാലാണ് ഈ തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോളും പ്രതിഭാഗവും ഇതുതന്നെയാണ് ആവർത്തിച്ചത്. ശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി ചികിത്സ നടത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.എന്നാൽ, പ്രതിഭാഗം ഹാജരാക്കിയ മെഡിക്കൽ രേഖകൾ ഇന്നത്തെ തീയതിയിലുള്ളതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആറുമാസം മുമ്പുവരെയാണ് പ്രതി ചികിത്സ തേടിയിരുന്നതെന്നും ഇപ്പോൾ ജാമ്യം ലഭിക്കാനായാണ് ഈ രേഖകൾ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.നേരത്തെ പാലക്കാട് ജില്ലയിലും ശ്രീജിത്ത് രവിക്കെതിരേ സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പാലക്കാട് പത്തിരിപ്പാലയിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയതിനാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്. എന്നാൽ ഈ കേസിൽ പിന്നീട് പ്രതി മാപ്പ് പറഞ്ഞതായും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയതായുമാണ് വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here