gnn24x7

ഓൺലൈൻ റമ്മി നിരോധിക്കാൻ നിയമഭേദഗതിക്ക് ഒരുങ്ങി സർക്കാർ

0
234
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മി വീണ്ടും നിരോധിക്കാൻ പഴുതടച്ച നിയമഭേദഗതിക്ക് സർക്കാർ ശ്രമം. ഓൺലൈൻ റമ്മി കഴിഞ്ഞ വർഷം സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടമായവരിൽ ചിലർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സർക്കാർ ശ്രമിക്കുന്നത്.

ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷൻ 3ൽ ഭേദഗതി വരുത്താനാണു നീക്കം.2021 ഫെബ്രുവരിയിലാണു സംസ്ഥാന സർക്കാർ ഓൺലൈൻ റമ്മി ആദ്യം നിരോധിച്ചത്. സെപ്റ്റംബറിൽ ഹൈക്കോടതി അതു റദ്ദാക്കി. വൈദഗ്ധ്യം ആവശ്യമായ കളി (ഗെയിം ഓഫ് സ്കിൽ) ആണ് റമ്മി; കളിക്കുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് എന്നീ കാരണങ്ങളാൽ നിരോധനം നിയമവിരുദ്ധവുംവിവേചനവുമാണെന്നാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

കേരള ഗെയിമിങ് നിയമം 14-ാം വകുപ്പനുസരിച്ച് “ഗെയിം ഓഫ് സ്കിൽ ആയാൽ നിയന്ത്രണങ്ങൾനടപ്പാക്കാനാകില്ല. 14 (എ)യിൽ നിയന്ത്രണം ബാധകമല്ലാത്ത കളികളെക്കുറിച്ചു പറയുന്നതിൽ റമ്മിയും ഉൾപ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ. പണം വച്ചുള്ള കളി ആയതിനാൽ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാൻസ്) പരിധിയിൽ വരുമെന്നാണു ഭേദഗതി കൊണ്ടുവരിക. ഒരു വർഷം തടവ്, 10,000 രൂപ പിഴ അല്ലെങ്കിൽ രണ്ടും കൂടി എന്ന ശിക്ഷയും വ്യവസ്ഥ ചെയ്യും. ഗെയിമിങ് നിയമം സംസ്ഥാന പട്ടികയിൽ പെടുന്നതാണ്.

റമ്മി ഗെയിം ഓഫ് സ്കിൽ ആണെന്നും ഗെയിം ഓഫ് ചാൻസ് അല്ലെന്നും സുപ്രീം കോടതിയും വിധിച്ചിരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാന സർക്കാരുകളും പണം വച്ചുള്ള ഓൺലൈൻ റമ്മി നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെയും കർണാടകയിലെയും നിരോധനം ഹൈക്കോടതികൾ റദ്ദാക്കി. എന്നാൽ ആത്മഹത്യകൾ പെരുകിയതോടെ വീണ്ടും നിരോധനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട്. ഇതിനായി നിയോഗിച്ച സമിതി കഴിഞ്ഞയാഴ്ച റിപ്പോർട്ട് നൽകി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here