gnn24x7

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സർക്കാർ

0
221
gnn24x7

ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകുന്ന സത്യവാങ്മൂലം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. റോമൻ കത്തോലിക്കാ പള്ളികൾക്ക് ബാധകമായ കാനോൻ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങൾ പ്രകാരവും കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വിൽക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇടപാടിനെ സംബന്ധിച്ച് പാപ്പച്ചൻ എന്ന വ്യക്തി നൽകിയ പരാതിയിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസിന്റെ സി- ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ കണ്ടത്തലുകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാനം സത്യവാങ്മൂലം ഫയൽ ചെയ്തത്.

മറ്റൂരിൽ മെഡിക്കൽ കോളേജ്സ്ഥാപിക്കുന്നതിന് വായ്പ എടുക്കാനുള്ള തീരുമാനവും വായ്പ തിരിച്ചടയ്ക്കുന്നതിന് ഭൂമി വിൽക്കാനുള്ള തീരുമാനവും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നില്ലെന്ന പരാതിക്കാരന്റെ ആരോപണം തെറ്റാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

റോമൻ കത്തോലിക്കാ പള്ളികൾക്ക് ബാധകമായ കാനോൻ നിയമ പ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങൾ പ്രകാരമുള്ള കൂടിയാലോചനകൾ നടത്തിയിരുന്നു. ഫൈനാൻസ് കൗൺസിൽ ഉൾപ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചർച്ചചെയ്തിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here