gnn24x7

ആരോപണം ഗുരുതരം; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

0
228
gnn24x7

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നൽകിയ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. സുനിക്കെതിരായ ആരോപണങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിലെ വിചാരണ അനന്തമായി നീണ്ടാൽ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതിജീവിത പോലീസിനും പിന്നീട് കോടതിയിലും നൽകിയ മൊഴിയിൽ പൾസർ സുനിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽതന്നെ വിചാരണയുടെ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ വർഷം അവസാനം പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

കേസിലെ മറ്റെല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചതായി സുനിയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ക്വട്ടേഷൻ നൽകിയെന്ന് പറയപ്പെടുന്ന നടൻ പോലും ജാമ്യത്തിലാണ്. വിചാരണ നീണ്ടു പോകുന്ന കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് സുപ്രീം കോടതി തന്നെ വിവിധ കേസുകളിൽ ആവർത്തിച്ച് പറയുന്നുണ്ട്. അതിനാൽ അഞ്ചര വർഷത്തിൽ അധികം ജയിലിൽ കഴിഞ്ഞ സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അഭിഭാഷകരായ കെ. പരമേശ്വർ, ശ്രീറാം പ്രാക്കാട്ട്, സതീഷ് മോഹനൻ എന്നിവരാണ് പൾസർ സുനിക്കുവേണ്ടി ഹാജരായത്.

എന്നാൽ, അതിജീവിതയെ പീഡിപ്പിച്ച വ്യക്തിയാണ് സുനിയെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാറും, സ്റ്റാൻഡിങ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറും ചൂണ്ടിക്കാട്ടി. പീഡനദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ വാദിച്ചു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ നടപടിയെയും രഞ്ജിത്ത് കുമാർ വിമർശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here