തൃശ്ശൂർ: ഗുരുവായൂരിൽ തെരുവ് നായയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനം ഇടിച്ച് ശരീരം തളർന്ന തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തെരുവ് നായയെ വാഹനം ഇടിച്ചത്.
റോഡിൽ നിന്ന് ഇഴഞ്ഞ് പെരുന്തട്ട ക്ഷേത്രനടപ്പുരയിലെത്തി മരണത്തോട് മല്ലിടുന്ന നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് മൂന്ന് നായ്ക്കളെയാണ് വ്യാഴാഴ്ച തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിൽ പാലക്കാട് നിന്ന് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ട ഉണ്ടായിരുന്നതായി പ്രദീപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ആലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും തെരുവ് നായ്ക്കളിൽ വെടിയുണ്ട കണ്ടെത്തിയതായി പരാതിയുണ്ട്.
വോക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനാ സ്ഥാപകൻ വിവേക് കെ.വിശ്വനാഥനാണ് ഇത് സംബന്ധിച്ച് ആലപ്പുഴ കരിയിലകുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് നടപടിയിൽ തൃപ്തിയില്ലാത്തതിനാൽ എൻ.ഐ.എക്ക് പരാതി നൽകുമെന്നും വിവേക് പറഞ്ഞു. നായ്ക്കളിൽ കണ്ടെത്തിയ ഉണ്ടകളെല്ലാം എയർഗണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രവാദ പരിശീലനത്തിന്റെ ഭാഗമാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പരാതിയിൽ പരമർശിക്കുന്നു.
ഗുരുവായൂരിൽ വാഹനം ഇടിച്ച് നട്ടെല്ല് തകർന്ന നായയെ വെള്ളിയാഴ്ച മണ്ണുത്തി വെറ്ററിനറി കോളജിൽ എത്തിച്ച് എക്സിറേക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തിൽ വെടിയുണ്ട കണ്ടെത്തിയത്. നട്ടെല്ലിൽ സ്പർശിച്ച നിലയിൽ രണ്ട് ഉണ്ടകളാണ് ഉണ്ടായിരുന്നത്. ഈ ഉണ്ടകൾനീക്കംചെയ്താൽ നായ ചത്ത് പോകാൻ സാധ്യതയുള്ളതായി ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട്ടെ സനാതന എനിമൽ ആശ്രമത്തിലേക്ക് മാറ്റിയിരിക്കുകയാണ്.