സന്‍ഫ്രാന്‍സിസ്കോ: അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആഗോളതലത്തിൽ നിയമപരമായ നീക്കങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ രാജ്യങ്ങള്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോർട്ട്. 2021 ജൂലൈ-ഡിസംബർ കാലയളവിലെ ട്വിറ്റർ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
2021 ലെ അവസാന ആറുമാസക്കാലയളവിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചു രാജ്യങ്ങളാണ് രംഗത്തെത്തിയത്. ഇന്ത്യയും അമേരിക്കയും ഇക്കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും 349 അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നത് സംബന്ധിച്ച് 326 തവണ നിയമപരമായ ആവശ്യങ്ങൾ വന്നുവെന്ന് ട്വിറ്റർ പറഞ്ഞു.
മുൻ കാലയളവിനെ അപേക്ഷിച്ച് (ജനുവരി-ജൂൺ 2021) ഇത്തരം ആവശ്യങ്ങളുടെ കാര്യത്തില്‍ എണ്ണത്തിൽ 103 ശതമാനം വർദ്ധനവ് ഉണ്ടായതായും ട്വിറ്റർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ (114), തുർക്കി (78), റഷ്യ (55), പാകിസ്ഥാൻ (48) എന്നിവർ സമർപ്പിച്ച നിയമപരമായ ആവശ്യങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണമായത്. 2021 ജനുവരി-ജൂൺ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.







































