തിരുവനന്തപുരം: വീണ്ടും നവോത്ഥാന സംരക്ഷണ സമിതിയുമായി സംസ്ഥാന സർക്കാർ. നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. സമിതിക്ക് ഭരണഘടന തയ്യാറാക്കി സ്ഥിരം സമിതിയാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വർഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ എന്നിവരടക്കം ഈ സമിതിയുടെ തലപ്പത്ത് നേരത്തെയുണ്ടായിരുന്ന എല്ലാവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.