തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസ് വനിതാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു. പിടിയിലായ പ്രതി ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇവരെ ഉടൻ തന്നെ ചോദ്യം ചെയ്യും.
എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ ജിതിനുമായി ബന്ധപ്പെട്ടാണ് അന്വേഷണം. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക വനിതാ നേതാവാണ് വാഹനം എത്തിച്ചതെന്നാണ് നിഗമനം. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസിൽ ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിക്കേണ്ടതുണ്ട്. അതിനാൽ തന്നെ അറസ്റ്റ് ഉണ്ടായേക്കില്ല. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മതി തുടർ നടപടികളെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. പ്രതി ജിതിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് ജിതിനെ പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ ഇത് തെളിവെടുപ്പിനാണോയെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോൾ ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ ഒപ്പം ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കേസിൽ പ്രതിയെ കസ്റ്റിഡിയിൽ ലഭിച്ചിരിക്കുന്നത് മൂന്ന് ദിവസത്തേക്കാണ്. ഈ കാലയളവിൽ പരമാവധി തെളിവ് ശേഖരിക്കുകയെന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്.