സെന്റ് പീറ്റേഴ്സ്ബർഗ് (യുഎസ്): അതിശക്തമായ കാറ്റും പേമാരിയുമായി “ഇയൻ’ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് കോസ്റ്റിൽ ആഞ്ഞടിച്ചു. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണിക്കൂറിൽ 241 കി.മീ വേഗത്തിലാണ് കാറ്റു വീശിയത്. നിലവിൽ മധ്യ ഫ്ലോറിഡയിൽക്കൂടി വീശുന്ന കാറ്റിനെ ഒന്നാം വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
വൻ നാശനഷ്ടമാണ് ഇയൻ വരുത്തിവച്ചിരിക്കുന്നത്. ചില മേഖലകളിൽ പ്രളയജലം വീടിന്റെ മേൽക്കൂരയ്ക്കു മുകളിൽ വരെ എത്തിയതായി പ്രദേശത്തുനിന്നുള്ള വിഡിയോകളിൽ നിന്നുവ്യക്തമാകുന്നുണ്ട്. ചുഴലിക്കാറ്റ് അകത്തേക്ക് കടക്കുന്തോറും കുറഞ്ഞത് 60 സെ.മീ മഴ വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും അനുബന്ധമായി ഇപ്പോഴും മഴ പെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ ഫ്ലാഷ് ഫ്ലഡ്സിന് (പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം) സാധ്യതയുണ്ട്.
പ്രാദേശിക സമയം ബുധൻ ഉച്ചകഴിഞ്ഞ് 3.05നാണ് ഫ്ലോറിഡയിലെ ഫോർട്ട് മേയേഴ്സിന് പടിഞ്ഞാറുള്ള കയോ കോസ്റ്റ് എന്ന ദ്വീപിനു സമീപമാണ് ഇയൻ കരയിൽത്തൊട്ടത്. പിന്നീട് ഫ്ലോറിഡയുടെ വൻകരയിലേക്ക് ചുഴലിക്കാറ്റ് നീങ്ങി. അപ്പോൾ 145 കി.മീ ആണ് കാറ്റിന്റെ വേഗത. ചില മേഖലകളിൽ 12 അടിക്കുമുകളിൽ കടൽവെള്ളം കയറിയിരുന്നു.
ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം പേർക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ വിമാനസർവീസുകൾ റദ്ദാക്കി. റ്റാംപ് മേഖലയിലുൾപ്പെടെ ആളുകളെ ഒഴിപ്പിച്ചു. ക്യൂബയിൽ നാശം വിതച്ച ശേഷമാണു ചുഴലിക്കാറ്റ് യുഎസ് തീരമടുത്തത്.