gnn24x7

‘നിയമനാധികാരി ചാൻസലർ; നിയമനം പ്രഥമദൃഷ്ട്വാ നിയമവിരുദ്ധമല്ലേ’; ഹൈക്കോടതി

0
342
gnn24x7

രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. വിസി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം.

സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു. ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.

നിയമനം അസാധുവാണെന്ന് ചാൻസലർക്ക് തോന്നിയാൽ, നിങ്ങളെ നീക്കം ചെയ്യാൻ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിനുള്ള അധികാരമില്ലെന്ന് വിസിമാർ മറുപടി നൽകി. അഡ്മിനിസ്ട്രേറ്റീവ് നിയമത്തിൽ, സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകിൽ നിയമനം ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കിൽ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാൻസലർക്ക് നടപടി എടുക്കാൻ സാധിക്കൂ. അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാർ വ്യക്തമാക്കി.

ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്നാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിമാർ ഹർജി നൽകിയത്. ഗവർണറുടെ നോട്ടിസ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വിസിമാർ നൽകിയ ഹർജിയിൽ പറയുന്നു.“രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ളഗവർണറുടെ നോട്ടിസ് സ്റ്റേ ചെയ്യണം. ഗവർണറുടെ നിർദേശത്തിന് ആധാരമായ രേഖകൾ വിളിച്ചുവരുത്തണം. വിസിമാരുടെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്നത് തടയണം. വിസിമാരുടെ രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കണം”- എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

രാജി വയ്ക്കണമെന്ന ഗവർണറുടെ നിർദേശം ഒൻപത് വിസിമാർ തള്ളിയിരുന്നു. ഒൻപതുപേരും ഇന്നു രാജിവച്ചില്ല. എന്നാൽ ആറു വിസിമാർ നിയമനടപടി സ്വീകരിക്കുമെന്ന് ഗവർണർക്ക് രേഖാമൂലം മറുപടി നൽകി. എംജി, കുഫേസ്, കെടിയു ഒഴികെയുള്ള വിസിമാരാണ് മറുപടി നൽകിയത്. ഗവർണറുടെ നിർദേശത്തിന് മറുപടി നൽകാൻ നിയമവിദഗ്ധരെ കാണാൻ എംജി, കാലിക്കറ്റ്, കണ്ണൂർ വിസിമാർ കൊച്ചിയിലെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here