തിരുവനന്തപുരം മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയതും കുറവൻകോണത്തെ അതിക്രമിത്തിലും പ്രതിയായ സന്തോഷ് കുമാർ ഉപയോഗിച്ചത് സർക്കാർ വാഹനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല. മന്ത്രി റോഷി അഗസ്റ്റിന് ഉത്തരവാദിത്തമുണ്ട്. ഗുരുതരമായിട്ടുള്ള തെറ്റാണ് പ്രതി ചെയ്തിട്ടുള്ളത്. പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
“മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്നുപറയുമ്പോൾ ഭരണത്തിലെ സ്വാധീനം തീർച്ചയായും ആ വ്യക്തിക്ക് ഉണ്ടാകും. ആ വ്യക്തിയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നത്. ഇവിടുത്തെ ഭരണം എവിടെ നിൽക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇത് ഒരിക്കലും അനുവദിച്ചുകൊടുക്കാൻ കഴിയുന്നതല്ല. പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട് ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണ്’- രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കരാർ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിർദ്ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.




































