ആഗോളതലത്തിൽ ജീവനക്കാരെ കൂട്ടമായിപിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ആമസോൺ. 18000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയിലെ ആകെ ജീവനക്കാരിൽ ഒരു ശതമാനംവരും. ആയിരക്കണക്കിന് ഇന്ത്യക്കാരേയും ആമസോണിന്റെ ഈ നീക്കം ബാധിച്ചിട്ടുണ്ട്.
തൊട്ടടുത്ത ദിവസം തന്നെ നേരിൽ വന്ന് കാണണം എന്നറിയിച്ചുകൊണ്ടാണ് പിരിച്ചുവിടൽ നടപടി നേരിട്ട ജീവനക്കാർക്കെല്ലാം അവരുടെ സീനിയർ മാനേജർമാർ ഇമെയിൽ സന്ദേശം അയച്ചത്. എന്തിന് വേണ്ടിയാണ് വിളിപ്പിച്ചത് എന്ന് ഇമെയിലിൽ വ്യക്തമാക്കിയിരുന്നില്ല. ഇന്ത്യയിൽ നിന്നുള്ള എസ്ഡി-1, എസ്ഡി-2 ലെവൽ ജീവനക്കാരെയും സീനിയർ മാനേജ്മെന്റ് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. ഇതിൽ പലർക്കും മറ്റിടങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ട്.
വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്തിരുന്നവർക്കും തൊട്ടടുത്ത ദിവസം തന്നെ മാനേജർമാരെ കാണാൻ ആവശ്യപ്പെട്ട് സന്ദേശം എത്തിയിരുന്നു. പലരും ജോലി ചെയ്ത സ്ഥലത്തു നിന്ന് വിമാനത്തിലും മറ്റുമായി ഓഫീസിലെത്തിയപ്പോഴാണ് പിരിച്ചുവിടപ്പെട്ടതായി അറിഞ്ഞത്. ഇങ്ങനെ യാത്ര ചെയ്ത് എത്തിയവർക്ക് വിമാനയാത്രയ്ക്കും താമസത്തിനുമായി ചിലവായ തുക തിരികെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പിരിച്ചുവിടൽ നടപടി എങ്ങനെ ആയിരിക്കുമെന്നും എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്നുമെല്ലാം വിശദീകരിച്ചുകൊണ്ടായിരുന്നു മാനേജർമാരുമായുള്ള കൂടിക്കാഴ്ച. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാൻ നാല് മണിക്കൂർ നേരം അധിക സമയം നൽകുകയും ചെയ്തു. അഞ്ച് മാസത്തെ ശമ്പളം പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നൽകുമെന്നാണ് കമ്പനി വാഗ്ദാനം.
എങ്കിലും താരതമ്യേന സുഗമമായ പിരിച്ചുവിടൽ നടപടിയാണ് ആമസോൺ സ്വീകരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്വിറ്റർ ജീവനക്കാരെ കാര്യമായ മുന്നറിയിപ്പ് നൽകാതെ പിരിച്ചുവിടുകയും കമ്പനി നെറ്റ് വർക്കിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. പിരിച്ചുവിടപ്പെട്ടവർക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ പലർക്കും ലഭിച്ചിട്ടില്ല. ആഗോള തലത്തിൽ ആമസോൺ, ട്വിറ്റർ, മെറ്റ, മൈക്രോസോഫ്റ്റ് ഉൾപടെ വിവിധ കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടപടികൾ സ്വീകരിച്ചുവരികയാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88






































