ഒരേ താളത്തിൽ ഒരു മനസ്സായി ഓളപ്പരപ്പിൽ വിസ്മയം തീർത്ത് ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചോടുന്ന ചുണ്ടൻവള്ളങ്ങൾക്ക് ഇരു കരകളിലും ആർപ്പുവിളിയുമായി ആവേശം തീർക്കുന്ന ഓരോ മലയാളികൾക്കും വള്ളംകളി എന്നത് ഗൃഹാതുരത ഓർമകൂടിയാണ്. നെഹ്റു ട്രോഫി, ഉത്രട്ടാതി വള്ളംകളി, പ്രസിഡന്റ് ട്രോഫി, തുടങ്ങി ചെറുതും വലുതുമായ കേരളത്തിന്റെ ജലോത്സവങ്ങൾ വിദേശികൾ പോലും കൗതുകത്തോടെയാണ് കാണാൻ എത്തുന്നത്. ജലോത്സവത്തിന്റെ ആവേശം അയർലണ്ടിലേക്കും എത്തിക്കുകയാണ് Kerala House IRISH MALAYALI CLUB. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വള്ളംകളി 2023 ഏപ്രിൽ 10, ഈസ്റ്റർ ദിനത്തിൽ നടക്കും. പൊതു അവധി ദിനത്തിൽ കാർലോ ബാറോ നദിയിൽ നടക്കുന്ന ആവേശ പോരാട്ടത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു…

വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിക്കും. സ്വാഗതസംഘ രുപീകരണ യോഗം ഫെബ്രുവരി 25 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ 3 മണി വരെ 49 Sandhills, Carlow -യിൽ വച്ച് നടക്കും. ചടങ്ങിൽ കേരളാ ഹൌസ് കാർണിവലിൽ പോസ്റ്റർ പ്രകാശനം ചെയ്യും. വള്ളംകളി മത്സരത്തിൽ 14 തുഴൽച്ചിൽക്കാരും, ഒരു ഡ്രമ്മറും അടങ്ങുന്ന 21 ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. ഓരോ ടീമിനും മൂന്ന് വീതം റേസുകളിൽ പങ്കെടുക്കാം. തുടർന്ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. 225 യൂറോയാണ് രജിസ്ട്രേഷൻ ഫീസായി ഓരോ ടീമും അടക്കേണ്ടത്.കേരളത്തിന്റെ തനത് വിനോദമായ വള്ളംകളിയെ വരവേൽക്കാൻ ആവേശത്തോടെ ഒരുങ്ങുകയാണ് അയർലണ്ട് മലയാളികൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88