gnn24x7

പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍ തുടരുന്നു

0
303
gnn24x7

കോണ്‍വേ: പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന സമ്മര്‍ദ്ദത്തിന് പിന്നാലെ കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍. ജനുവരി 17മുതലാണ് ഇന്ത്യന്‍ വംശജയായ തന്‍വി മരുപ്പള്ളി എന്ന കൌമാരക്കാരിയെ അമേരിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സയില്‍ നിന്ന് കാണാതായത്. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസമാക്കിയ തന്‍വിയുടെ മാതാപിതാക്കള്‍ക്ക് ഇനിയും ഇവിടെ പൌരത്വം ലഭിച്ചിരുന്നില്ല. അടുത്തിടെ ജോലി നഷ്ടമായ തന്‍വിയുടെ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

ഇതിന് പിന്നാലെ പിതാവിന്‍റെ ജോലിയും നഷ്ടമാകുമോയെന്ന ആശങ്കയിലാണ് തന്‍വിയുടെ കുടുംബമുണ്ടായിരുന്നത്. ടെക് മേഖലയിലെ വ്യാപക പിരിച്ചുവിടലില്‍ പിതാവിന്‍റെ ജോലിയും നഷ്ടമാകുമോയെന്ന ആശങ്ക തന്‍വി പ്രകടിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ വിശദമാക്കുന്നത്. തിരികെ ഇന്ത്യയിലേക്ക് ഡീ പോര്‍ട്ട് ചെയ്തേക്കുമോയെന്ന ആശങ്കയില്‍ തന്‍വി ഓടിപ്പോയതേക്കാമെന്ന സംശയമാണ് അമേരിക്കന്‍ പൊലീസിനുമുള്ളത്. ഇമിഗ്രേഷന്‍ നടപടികള്‍ തന്‍വിയുടെ കുടുംബത്തെ ഏറെ വലച്ചിരുന്നു. പൌരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏറെക്കാലമായി അമേരിക്കയില്‍ തുടരുന്ന തന്‍വിയുടെ കുടുംബത്തിനുണ്ടായിരുന്നത്.

പവന്‍ റോയ് മരുപ്പളിയാണ് തന്‍വിയുടെ പിതാവ്. ടെക് മേഖലയിലെ ജോലി നഷ്ടമായേക്കുമെന്ന ആശങ്ക പവന്‍ കുടുംബവുമായി പങ്കുവച്ചിരുന്നു. തന്‍വിയുടെ അമ്മ ശ്രീദേവി ഈടറ അടുത്തിടെയാണ് തിരികെ നാട്ടിലെത്തിയത്. ഏകദേശം ഒരു  വര്‍ഷം വിസാ നടപടികള്‍ ഇഴഞ്ഞ് നീങ്ങിയ ശേഷമാണ് ശ്രീദേവിക്ക് ആശ്രിത വിസയില്‍ തിരികെ അമേരിക്കയില്‍ എത്താനായത്. പിതാവിന്‍റെ ജോലി നഷ്ടമായാല്‍ തങ്ങള്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് തന്‍വി പവനോട് ചോദിച്ചിരുന്നു.

തന്‍വിയേയും അമ്മയേയും ഇന്ത്യയിലേക്കും മടക്കി അയച്ച ശേഷം എന്ത് ചെയ്യാനാവുമെന്ന് പഠിക്കേണ്ടി വരുമെന്നായിരുന്നു ഇതിന് പവന്‍ നല്‍കിയ മറുപടി. മറ്റൊരു ജോലി നേടി നിങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പവന്‍ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ തന്‍വി അസ്വസ്ഥയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. തന്‍വിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 അമേരിക്കന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് തന്‍വിയുടെ കുടുംബം. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 2 ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ഐടി മേഖലയില്‍ തൊഴില്‍ നഷ്ടമായിട്ടുള്ളത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here