രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരണമെങ്കിൽ എല്ലാവരും കണക്ക് പഠിക്കണമെന്നും ഇതിനായി 18 വയസ്സുവരെ വിദ്യാർഥികൾക്ക് കണക്ക് പഠനം നിർബന്ധമാക്കാനാണു പദ്ധതിയെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ജനുവരിയിൽ ഇത്തരം പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ഒരു നയപ്രഖ്യാപനം ഋഷി സുനക് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ലണ്ടൻ സ്ക്രീൻ അക്കാദമിയിൽ നടത്തിയ പ്രസംഗത്തിലാണ് പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തിയത്.
ബ്രിട്ടനിലെ ഗണിത വിദ്യാഭ്യാസം മെച്ചപ്പെടുത്തുവാൻ രാജ്യത്തെ ജനങ്ങൾ ഗണിത വിരുദ്ധ ചിന്താഗതി അവസാനിപ്പിക്കണമെന്നും ഋഷി സുനക് ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കാൻ സർക്കാരിനെ സഹായിക്കുന്നതിനായി ഗണിതശാസ്ത്രജ്ഞർ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, വ്യവസായ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒരു ഉപദേശക സംഘം രൂപീകരിക്കും. ഇവർ ഇപ്പോൾ സ്കൂളുകളിൽ നടക്കുന്ന ഗണിതശാസ്ത്ര പഠന രീതിയെ കുറിച്ച് പഠനം നടത്തും. സ്കൂളുകളിൽ മികച്ച യോഗ്യതയുള്ള കണക്ക് അധ്യാപകരെ നിയമിക്കും.
ശമ്പളവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് സർക്കാരുമായി നടന്നുകൊണ്ടിരിക്കുന്ന തർക്കത്തിൽ ഏപ്രിൽ 27, മേയ് 2 തീയതികളിൽ അധ്യാപകർ തങ്ങളുടെ അടുത്ത പണിമുടക്ക് നടത്താൻ ഒരുങ്ങുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. പ്രൈമറി സ്കൂളുകളിലെ ഗണിത അധ്യാപകർക്ക് പുതിയ യോഗ്യത സൃഷ്ടിക്കുക, നിലവിലുള്ള ഗണിത ഹബ്ബുകൾ വിപുലീകരിക്കുക എന്നിവ ഉൾപ്പടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
പദ്ധതിക്ക് വിദ്യാഭ്യാസ മേഖലയിലുടനീളം പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ നയം നടപ്പിലാക്കാൻ കൂടുതൽ സ്പെഷ്യലിസ്റ്റ് അധ്യാപകരും കൂടുതൽ ഫണ്ടിങ്ങും ആവശ്യമാണെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി. വേണ്ടത്ര അധ്യാപകരെ നിയമിക്കാതെ ഇത്തരത്തിൽ പ്രഖ്യാപനങ്ങൾ നടത്തുന്നതിനെ പ്രതിപക്ഷ പാർട്ടികളായ ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും വിമർശിച്ചു. പദ്ധതി നടപ്പിലാക്കാൻ എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഋഷി സുനക്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f







































