gnn24x7

പരിശീലന കാലത്ത് ജോലി ഉപേക്ഷിച്ചാൽ യുഎഇയിൽ ഒരു വർഷം തൊഴിൽ വിലക്ക്

0
331
gnn24x7

യുഎഇയിൽ പരിശീലന കാലത്തു ജോലി ഉപേക്ഷിച്ചാൽ ഒരു വർഷത്തേക്കു തൊഴിൽ വിലക്ക്. പുതിയ ജോലിയിൽ പ്രവേശിച്ചു ട്രെയിനിങിനിടെ ജോലി ഉപേക്ഷിച്ചാൽ വർഷത്തേക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്നു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം.

എന്നാൽ തൊഴിൽ കരാറിലെ വ്യവസ്ഥകൾ സ്പോൺസർ ലംഘിച്ചതിന്റെ പേരിലാണ് ജോലി ഉപേക്ഷിക്കേണ്ടി വരുന്നതെങ്കിൽ പുതിയ പെർമിറ്റ് ലഭിക്കാൻ തടസ്സമുണ്ടാവില്ല. പരിശീലന കാലയളവിൽ ജോലിയിൽ നിന്നു വിട്ടു നിന്നതായി തെളിഞ്ഞാലും തൊഴിൽ വിലക്കുണ്ടാകും.വ്യാജ കമ്പനിയുടെ പേരിൽ തൊഴിൽ പെർമിറ്റ് ഉണ്ടാക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തവർക്കും പുതിയ പെർമിറ്റിന് ഒരു വർഷം കാത്തിരിക്കണം. ഫെഡറൽ തൊഴിൽ നിയമം 33-ാം വകുപ്പ് പ്രകാരമാണ് തൊഴിൽ വിലക്ക് ഏർപ്പെടുത്തിയത്.

ആശ്രിത വീസയിൽ കഴിയുന്നവർക്കു തൊഴിൽ പെർമിറ്റ് ലഭിക്കാൻതടസ്സമില്ലെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, രാജ്യത്തിനു ആവശ്യമുള്ള വിദഗ്ധ തസ്തികകളിലും ശാസ്ത്ര മേഖലകളിലും തൊഴിലെടുക്കുന്നവർക്ക് ഒരു വർഷ തൊഴിൽ വിലക്കില്ല. ഗോൾഡൻ വീസക്കാരെയും വിലക്കിൽ നിന്നൊഴിവാക്കി.കൂടാതെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ മന്ത്രിയുടെ നിർദേശപ്രകാരം വേർതിരിച്ച പ്രത്യേക തസ്തികകളിലുള്ളവർക്കും തൊഴിൽ വിലക്കിൽ ഇളവുണ്ട് സംഘമായി പണിമുടക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനു തൊഴിൽ ഉടമ നൽകുന്ന പരാതി മന്ത്രാലയം വിശദമായി അന്വേഷിക്കും. തുടർന്ന് ആവശ്യമെങ്കിൽ ഒരു വർഷത്തെ തൊഴിൽ വിലക്കോടെ വീസ റദ്ദാക്കും.

തൊഴിൽ നിരോധനത്തിന്റെ പരിധിയിലുള്ളവർക്ക് മന്ത്രാലയത്തിന്റെ 600590000 കോൾ സെന്റർ നമ്പറിലോ ഓൺലൈൻ വഴിയോ വിശദാംശങ്ങൾ അറിയാം. തൊഴിൽ വിലക്ക് നീങ്ങാൻ ആവശ്യമായ രേഖകളോടെ മന്ത്രാലയത്തെ സമീപിക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. വിലക്കു ലഭിച്ച വ്യക്തി രാജ്യം വിടുന്ന ദിവസം മുതലാണ് ഒരു വർഷം കണക്കാക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7