ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണത്തിന് സജ്ജമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. കാലാവസ്ഥ ഉൾപ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും നീണ്ടുനിൽക്കുന്ന കൗണ്ട് ഡൗണിനാണ് തുടക്കമായത്.
2019-ലെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെപരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാൻ കൂടുതൽ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാൻ-3ൽ ഒരുക്കിയിട്ടുണ്ട്. സുഗമമായി ലാൻഡ് ചെയ്യാൻ ലാൻഡറിന്റെ കാൽ കൂടുതൽ ശക്തിപ്പെടുത്തി. കൂടുതൽ സൗരോർജ പാനലുകളും പേടകത്തിൽ നൽകിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളിൽ വീഴ്ച സംഭവിച്ചാൽപ്പോലും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്പന.
ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ എൽവിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാൻ 3 കുതിച്ചുയരുക. ഇസ്രോയുടെ ഏറ്റവും വിശ്വസനീയമായ എൽവിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA