സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ‘സമുദ്രയാൻ’ പദ്ധതിയുമായി ഇന്ത്യ. മൂന്ന് പേരെ ഒരു സമുദ്ര പേടകത്തിൽ 6000 മീറ്റർ താഴ്ചയിൽ സമുദ്രത്തിനടിയിലേക്ക് അയക്കാനാണ് സമുദ്രയാനിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു ആണ് വ്യാഴാഴ്ച രാജ്യസഭയിൽ പദ്ധതി പ്രഖ്യാപിച്ചത്. 2026 ഓടുകൂടി സമുദ്രയാൻ പദ്ധതി യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി)യ്ക്കാണ് പദ്ധതിയുടെ ചുമതല.

മനുഷ്യർ സമുദ്രത്തിനടിയിൽ പോയി നടത്തുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് സമുദ്രയാൻ. ആഴക്കടൽ വിഭവങ്ങളെ പഠിക്കുകയാണും അവിടുത്തെ ജൈവ വൈവിധ്യം വിലയിരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി സമുദ്ര വിഭവങ്ങൾ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം, തൊഴിൽ, സമുദ്ര പരിതസ്ഥിതിയുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച ബ്ലൂ എക്കോണമി നയത്തിന്റെ ഭാഗമായി ആവിഷ്കരിച്ച ഡീപ്പ് ഓഷ്യൻ മിഷന്റെ ഭാഗമാണ് സമുദ്രയാൻ പദ്ധതി.
മത്സ്യ 6000 എന്നാണ് ഈ പദ്ധതിക്കായി ഒരുക്കുന്ന സമുദ്ര പേടകത്തിന് പേര്. സാധാരണ ജോലികൾക്കായി 12 മണിക്കൂർ നേരം സമുദ്രത്തിൽ കഴിയാനും യാത്രികരുടെ സുരക്ഷയുടെ ഭാഗമായി അടിയന്തിര ഘട്ടങ്ങളിൽ 96 മണിക്കൂർ സമുദ്രത്തിനടിയിൽ കഴിയാനും സാധിക്കും വിധമാണ് ഇതിന്റെ രൂപകൽപന.അഞ്ച് വർഷക്കാലത്തേക്കായി 4077 കോടി രൂപയാണ് ഡീപ്പ് ഓഷ്യൻ മിഷന് വേണ്ടിയുള്ള ചിലവ് കണക്കാക്കുന്നത്. യുഎസ്, റഷ്യ, ഫ്രാൻസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരം പദ്ധതികൾക്കായുള്ള സാങ്കേതിക വിദ്യയും വാഹനങ്ങളുമുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ഇക്കൂട്ടത്തിൽ ഇന്ത്യയും ഇടം പിടിക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
                









































