gnn24x7

ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ iPhone 15ന്റെ നിർമ്മാണം ആരംഭിച്ചു

0
325
gnn24x7

ആപ്പിളിന്റെ ഐഫോൺ 15 നിർമാണം തമിഴ്നാട്ടിൽ ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിർമാണം തുടങ്ങിയത്. ചൈനയിൽ നിന്നുള്ള ഐഫോൺ നിർമാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

ഐഫോൺ നിർമാണം വലിയ തോതിൽ ചൈനയിൽ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്താൻ ആറ് മുതൽ ഒൻപത് മാസം വരെ എടുത്തിരുന്നെങ്കിൽ കഴിഞ്ഞ വർഷം മുതൽ ഇതിൽ മാറ്റം വന്നിട്ടുണ്ട്. മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ആകെ ഐഫോൺ ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇപ്പോൾ ഇന്ത്യയിലാണ്. ഇറക്കുമതി ചെയ്യുന്ന നിർമാണ ഘടകങ്ങളുടെ ലഭ്യതയും ഫോക്സ്കോൺ ഫാക്ടറിയിലെ ഉത്പാദന വേഗതയും അനുസരിച്ചേ ഇന്ത്യയിലെ ഐഫോൺ 15 നിർമാണം ഏത് നിലയിലെത്തുമെന്ന കാര്യത്തിൽ വ്യക്തത വരൂ.

സെപ്റ്റംബർ 12ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോൺ 15ൽ മൂന്ന് വർഷത്തിന് ശേഷമുള്ള വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.ക്യാമറയിൽ ഉൾപ്പെടെ വലിയ മാറ്റം വരുമെന്നും പ്രോ മോഡലുകളിൽ പരിഷ്കരിച്ച 3-നാനോമീറ്റർ എ16 പ്രോസസറുകളായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ മൂന്നാം പാദത്തിലും ആഗോള തലത്തിൽ വിൽപനകളിൽ ഇടിവ് രേഖപ്പെടുത്തിയ ആപ്പിളിന് രംഗം തിരിച്ചുപിടിക്കാനുള്ള ആയുധം കൂടിയായിഐഫോൺ 15 മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തെ മറ്റ് രണ്ട് ഐഫോൺ വിതരണ കമ്പനികളും ഐഫോൺ 15ന്റെ അസംബ്ലിങ് ഉടൻ ആരംഭിക്കും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് ആപ്പിൾ തങ്ങളുടെ ആദ്യ റീട്ടെയിൽ സ്റ്റോർ തുറന്നത്. ഇന്ത്യൻ വിപണിയിലെ ചില്ലറ വിപണന സാധ്യത പൂർണമായും ഉപയോഗപ്പെടുത്താനുള്ള കമ്പനിയുടെ പദ്ധതികളാണ് ഇതിന് പിന്നിൽ. ജൂൺ മുതലുള്ള പാദത്തിൽ ഇന്ത്യയിലെ ഐഫോൺ വിൽപന പുതിയ ഉയരത്തിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തിവിട്ടിട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7