കോട്ടയം: കോട്ടയത്ത് ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കർണാടക ബാങ്കിന്റെ ഭീഷണിയെ തുടർന്ന് കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസത്തെ കുടിശ്ശിക വന്നതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനായ പ്രദീപ് നിരന്തരം
ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി മകൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബിനുവിന്റെ മൃതദേഹവുമായിട്ടാണ് ബന്ധുക്കൾ പ്രതിഷേധം നടത്തിയത്. കർണാടക ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒപ്പം വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധവുമായെത്തി. കലക്ടറോ എസ്പി യോ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകർ പോലീസ് ബാരിക്കേഡും മറികടന്ന് ബാങ്ക് കോമ്പൗണ്ടിലേക്ക് ഇറച്ചുകയറി, ബാങ്കിന് നേരെ അക്രമസംഭവങ്ങളുണ്ടായി. ഏകദേശം 12 മണിയോടെ ആരംഭിച്ച പ്രതിഷേധം ഒന്നരമണിക്കൂർ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല എന്നും ആക്ഷേപമുണ്ട്. എം എൽ എ തിരുവഞ്ചൂർ രാധാകൃഷണനും സ്ഥലത്ത് എത്തിയിരുന്നു.
എസ്പി സ്ഥലത്തെത്തിയതിനെ തുടർന്ന് മന്ത്രി വി.എൻ. വാസവൻ എസ് പിയുമായി സംസാരിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിർദേശം നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം കോട്ടയം ഡിവൈഎസ്പി ആയിരിക്കും അന്വേഷിക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb