കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയെന്ന് വിവരം. ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി നിജാറിനെ കൊലപ്പെടുത്താൻ ഐഎസ്ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് പറഞ്ഞു. കാനഡയിലെ ഐഎസ്ഐ നേതാക്കളായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജാറിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.
ഐഎസ്ഐയ്ക്കുവേണ്ടി കാഡനയിലെ കൂടുതൽ ദൗത്യങ്ങളും ചെയ്യുന്നത് ഇവർ രണ്ടുപേരുമാണ്. ഇന്ത്യയിൽനിന്ന് വരുന്നവരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടവരുമായ ഭീകരരെ പോലും ഇവർ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ‘ബിസിനസ്’ കാരണങ്ങളാലും കൂടുതൽ സ്വാധീനമുണ്ടാക്കാനുമായി റാവുവും കിയാനിയും നിജാറിനെ കൊല്ലാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിജാറുമായി അടുത്തിടപഴകുന്നത് അജ്ഞാതർക്ക് അസാധ്യമാണ്. നിാർ വളരെ ശ്രദ്ധാലുവാണ്. ഇയാൾക്കു ചുറ്റും അംഗരക്ഷകരും ഉണ്ടാകും. എന്നാൽ, നിജാറിന് തൊട്ടടുത്തായി നിരവധി മുൻ ഐഎസ്ഐ ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ടായിരുന്നു. മേജർ ജനറൽമാർ മുതൽ ഹവിൽദാർമാർ വരെയുള്ള മുൻ ഐഎസ്ഐ ഉദ്യോഗസ്ഥർ ഇതിലുണ്ട്. നിജാറിനെ കൊലപ്പെടുത്താനുള്ള ചുമതല ഇവരിൽ ആർക്കെങ്കിലും നൽകിയിരിക്കാമെന്നാണ് വിവരം.
ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡ യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. 2 അജ്ഞാതരാണു വെടിവച്ചതെന്നും നിജ്ജാർ തൽക്ഷണം മരിച്ചെന്നുമാണു റിപ്പോർട്ട്, നിജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പ്രസ്താവന നടത്തിയതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






