ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽ ഉപരിപഠനം നടത്താൻ തീരുമാനിക്കുകയും കോയമ്പത്തൂർ കാർഷിക കോളേജിൽ (ഇപ്പോൾ തമിഴ്നാട് കാർഷിക സർവ്വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.
1954-ന്റെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുൻ പ്രൊഫസർ മുഖേന കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ജോലി ചെയ്യാൻ അവസരം ലഭിച്ചത്. 1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. തുടർന്ന് സ്വാമിനാഥൻ അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. 1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു.
1961 – ഭട് നഗർ അവാർഡ്, 1971 – മാഗ്സാസെ അവാർഡ്, 1987 – റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി, 1987 – വേൾഡ് ഫുഡ് പ്രൈസ്, 2000 – ഫ്രങ്ക്ലിൻ റൂവെൽറ്റ്പുരസ്ക്കാരം, 2021-ൽ കേരള ശാസ്ത്ര പുരസ്കാരം, ഇവ കൂടാതെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































