ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടർച്ചയായി നീണ്ടുനിന്ന ആക്രമണം. 5,000-ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാൻഡറായ മുഹമ്മദ് അൽ ഡെയ്ഫ് പറഞ്ഞിരുന്നത്. ഇതിന് ശേഷം 2,000-ഓളം റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹമാസ് ടി.വി. റിപ്പോർട്ടു ചെയ്തു. ആക്രമണങ്ങളിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ +97235226748 എന്ന നമ്പറിലോ cons1.telaviva@mea.gov.in മെയിലിൽ ബന്ധപ്പെടുകയോ ചെയ്യുക.
തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് പ്രവർത്തകർ വഴിയാത്രക്കാർക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡെറോത്തിൽ വീടുകൾ ഹമാസ് പ്രവർത്തകർ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ പരിക്കേറ്റവരിൽ ആഷ്കലോണിലെ ബാർസിലായി ആശുപത്രിയിൽ 68 പേരും ബീർ ഷെവയിലെ സൊറോക ആശുപത്രിയിൽ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതർ അറിയിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു.
ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് മധ്യ- തെക്കൻ ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. ഇസ്രയേൽ സൈനികരെ ആക്രമിക്കുന്നതിന്റേയും സൈനിക വാഹനങ്ങൾ തീവെക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി പലസ്തീൻ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. തെക്കൻ ഇസ്രയേലിലെ കുസെയ്ഫ് നഗരത്തിൽ നാലുപേർ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും മേയർ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തിൽ ഒരു മേയർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S






































