ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. അസുഖവുമായി ബന്ധപ്പെട്ട് ചികിത്സകൾ തുടരുകയാണെന്നും ചികിത്സകളോട് ചാൾസ് രാജാവ് പോസിറ്റീവായിട്ടാണ് പ്രതികരിക്കുന്നതെന്നും ബേക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജാവ് എത്രയും വേഗം തൻ്റെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
പതിവ് ചികിത്സയ്ക്കിടെയാണ് ചാൾസ് രാജാവിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തിയതെന്നാണ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്. ഇക്കാരണത്താൽ,പതിവ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ചാൾസ് രാജാവിന് ഡോക്ടർമാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ അദ്ദേഹം തൻ്റെ സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ചാൾസ് രാജാവ് തന്നെ തൻ്റെ മക്കളായ ഹാരി രാജകുമാരനോടും വില്യം രാജകുമാരനോടും ഈ രോഗത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. വെയിൽസ് രാജകുമാരൻ വില്യം തൻ്റെ പിതാവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം ഹാരി രാജകുമാരൻ അമേരിക്കയിലാണ് താമസിക്കുന്നത്. ഹാരി പിതാവിനോട് സംസാരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പിതാവിനെ കാണാൻ ബ്രിട്ടനിലേക്ക് വരുമെന്നും റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ചയാണ് ചാൾസ് രാജാവ് നോർഫോക്കിൽ നിന്ന് ലണ്ടനിലേക്ക് മടങ്ങിയത്. ചാൾസ് രാജാവിൻ്റെ ചികിത്സ ഔട്ട്‌പേഷ്യൻ്റ് രീതിയിലായിരിക്കുമെന്ന് ബേക്കിങ്ഹാം കൊട്ടാരം അറിയിച്ചു. അദ്ദേഹത്തിന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സയ്ക്കില്ല. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാൾസ് രാജകുമാരൻ ബ്രിട്ടൻ്റെ രാജാവായി സ്ഥാനമേൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം മേയിലാണ് അദ്ദേഹം കിരീടമണിഞ്ഞത്. ഇതിനുശേഷം അദ്ദേഹത്തെ ചാൾസ് മൂന്നാമൻ രാജാവ് എന്നാണ് അറിയപ്പെട്ടത്. തൻ്റെ 73-ാം വയസ്സിലാണ് അദ്ദേഹം രാജാവായി സ്ഥാനമേറ്റത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































