gnn24x7

പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലണ്ട് ഉൾപ്പെടെയുള്ള മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍

0
327
gnn24x7

പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍. അയർലണ്ട്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത്. തീരുമാനം പാലസ്തീൻ സ്വാഗതം ചെയ്തു.തീരുമാനം ഇസ്രയേലിന് എതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്പെയിൻ പ്രതികരിച്ചു. സ്പാനിഷ് ജനതയുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നാലെ സ്പെയിനിൽ നിന്നും അംബാസഡറെ പിൻവലിക്കുമെന്ന് ഇസ്രയേൽ പ്രതികരിച്ചു. രണ്ട് രാഷ്ട്രമെന്നത് മാത്രമാണ് പ്രശ്നത്തിന് പരിഹാരമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. അങ്ങനെ മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് നോർവെയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോയർ പറഞ്ഞത്. പ്രഖ്യാപനത്തിന് പിന്നാലെ അയർലണ്ടിലെയും നോർവെയിലെയും അംബാസഡർമാരെ ഇസ്രയേൽ തിരിച്ചുവിളിച്ചു.

ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. യുഎൻ രക്ഷാ കൗണ്‍സിലിലെ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഇതുവരെ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തോട് രൂക്ഷമായാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രതികരിച്ചത്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, ഹമാസിനെ തകർക്കുക, ഹമാസ് ബന്ദികളാക്കിയവരെ നാട്ടിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7