കുവൈറ്റിൽ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി. കുവൈത്ത് ദുരന്തത്തിലിരയായവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയർബേസിൽ തയാറാക്കിയത്.
നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. രാവിലെ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവർ ചികിത്സയിലുള്ള അഞ്ച് ആശുപത്രികളിലും സന്ദർശനം നടത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യഹ്യയുമായും കൂടികാഴ്ച നടത്തി. മൃതദേഹങ്ങളിൽ ചിലത് കത്തിക്കരിഞ്ഞ നിലയിലാണ്, ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഈ മൃതദേഹങ്ങൾ വിട്ടു നൽകു എന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്ന് കീർത്തി വർധൻ സിംഗ് വ്യക്തമാക്കി.
ഇതിനിടെ, കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. കമ്പനിയുടെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ ക്യാംപിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് അപകടത്തില്‍പെട്ടവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനമായ എൻ ബി ടി സി അറിയിച്ചു. മരിച്ചവരുടെ ആശ്രീതർക്ക് ജോലി, ഇൻഷുറൻസ് പരിരക്ഷ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവയും ലഭ്യമാക്കും.







































