വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ കൂടുന്നു. ഇതുവരെ 314 മൃതദ്ദേഹങ്ങൾ കണ്ടെത്തി. ഇനിയും 300ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും.

രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകർന്ന വീട്ടിൽ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ പകുതി തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യുന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാരാത്തുകുന്ന് അകമല ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 81 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ അവരെ തിരിച്ചെത്തിക്കില്ലെന്നും പ്രദേശത്തെക്കുറിച്ച് വിശദമായ പഠനത്തിന് നിർദ്ദേശം നൽകുമെന്നും കളക്‌ടർ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































