gnn24x7

    “പോളണ്ടിനെക്കുറിച്ച് ഒരക്ഷരമല്ല, പലതും മിണ്ടാനുണ്ട്”

    0
    1107
    gnn24x7

    അയർലണ്ടിൽ എത്തിയതിനു ശേഷം യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും പോളണ്ട് ഉൾപ്പെട്ടിരുന്നു. അതിനുള്ള ഏക കാരണം സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ സുപ്രസിദ്ധമായ ആ ഡയലോഗ് ആണ്, “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്”. ഇതിനോടകം യൂറോപ്പിലെ പല രാജ്യങ്ങളും സന്ദർശിച്ചു കഴിഞ്ഞ ഞങ്ങൾക്ക് പോളണ്ട് സന്ദർശിക്കാൻ മനസ്സിനെ കുറേക്കൂടി പാകപ്പെടുത്തേണ്ടതുണ്ടായിരുന്നു.

    അങ്ങനെ ഞാനും ഭാര്യ മോനിയും ചേർന്ന് ഡബ്ലിനിൽ നിന്നു പോളണ്ടിലെ ക്രാക്കോവ് (Krakow) എന്ന പ്രധാന നഗരത്തിലേക്കു യാത്ര പോയി. തണുപ്പു മാറിവരുന്ന കാലമായിരുന്നു അത്. അവിടെയാണ്, ഒരു കമ്മ്യൂണിസ്റ്റ് ഭരണകാലത്തു തിരഞ്ഞെടുക്കപ്പെട്ട ദയാനിധിയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ജന്മസ്ഥലം, അവിടെയാണ് മനുഷ്യമനസ്സുകളെ മരവിപ്പിക്കുന്ന, ക്രൂരതയുടെ അടയാളങ്ങൾ പേറുന്ന ഓഷ് വിറ്റ്സ് (Auschwitz), ബിർക്‌നൗ (Birkenau) കോൺസെൻട്രേഷൻ ക്യാമ്പ്, പിന്നെ വിലീസ്ക ഉപ്പ് ഖനി, സാകോപാനേ ടൗൺ (Zakopane town), വാവെൽ കാസിൽ (wawel hill and castle), വാവെൽ കത്തീഡ്രൽ (wawel cathedral), നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന ചത്വരം (Main Square), ഷിൻഡ്ലേഴ്സ് ഫാക്ട‌റി (Schlindler’s factory), അങ്ങനെ പലതും.

    പടിഞ്ഞാറു നിന്ന് ഹിറ്റ്ലറിന്റെ നാസിപ്പടയും, കിഴക്കുനിന്ന് സ്റ്റാലിന്റെ ചെമ്പടയും പോളണ്ടിനെ കീഴ്പ്പെടുത്താനുള്ള പരാക്രമമാണല്ലോ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം കുറിക്കുന്നതു തന്നെ. വിചിത്രമായ കാരണങ്ങൾ നിരത്തിയാണ് ഹിറ്റ്ലർ പാവം പോളണ്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ചതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഹിറ്റ്ലറിന്റെ കാഴ്ചപ്പാടിൽ പോളണ്ടുകാർ തരംതാണവരും, അടിമകളെപ്പോലെ പണിയെടുക്കാൻ മാത്രം കൊള്ളുന്ന പാഴ്ജന്മങ്ങളുമായിരുന്നു. ആയിരക്കണക്കിനു പോളിഷ് പടയേയും, സാധാരണ ജനങ്ങളെയും കൊന്നൊടുക്കിക്കൊണ്ട് ജർമ്മനിയും റഷ്യയും ചേർന്ന് പോളണ്ട് എന്ന രാജ്യത്തെ പങ്കിട്ടെടുത്തു. തന്ത്രശാലിയായ ഹിറ്റ്ലർ റഷ്യക്കെതിരെ യുദ്ധം തുടങ്ങിയതു മനസ്സിലാക്കിയാണ് റഷ്യ ജർമ്മനിക്കെതിരെ തിരിച്ചടി തുടങ്ങിയത്.

    ജർമ്മനിയെ, ആര്യവർഗ്ഗത്തിൻറെ രക്തം സിരകളിൽ വഹിക്കുന്ന വംശശുദ്ധിയുള്ളവരുടെ നാടായി മാറ്റുക എന്നതായിരുന്നു ഹിറ്റ്ലർ എന്ന ഫാസിസ്റ്റിന്റെ ലക്ഷ്യം. ജൂതരെ വെറുക്കപ്പെട്ടവരുടെ വംശമായിക്കണ്ട ഹിറ്റ്ലർ, അതുകൊണ്ടാണല്ലോ അവരെ ജർമ്മനിയിൽ നിന്നു മാത്രമല്ല, ഭൂമുഖത്തു നിന്നു തന്നെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതും ഒരു പരിധിയിൽക്കൂടുതൽ വിജയിച്ചതും.

    ധാരാളം ജൂതർ വസിച്ചിരുന്ന പോളണ്ടിലെ വീടുകൾ കൊള്ളയടിക്കുകയും, അവിടെ പാർത്തിരുന്നവരെ കൊല്ലുകയും ചെയ്തു. ജൂതർക്ക് ഒരുവിധ സഹായവും ചെയ്‌തു കൊടുക്കരുതെന്ന് പോളിഷുകാർക്കു മുന്നറിയിപ്പു നൽകി.

    മുന്നറിയിപ്പു പാലിക്കാത്ത പോളിഷ് കുടുംബാംഗങ്ങളെ കൂട്ടക്കുരുതി ചെയ്തു. എന്നിട്ടും എത്രയോ ജൂതരെ മനുഷ്യത്വമുള്ള പോളിഷുകാർ ഒളിവിൽ പാർപ്പിച്ചു രക്ഷപ്പെടുത്തി.

    രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1989 വരെ റഷ്യ അടിച്ചേൽപ്പിച്ച കമ്മ്യൂണിസമാണല്ലോ പോളണ്ടിൽ കണ്ടത്. അതിനു ശേഷം ഗോർബച്ചോവിൻ്റെയും സോവിയറ്റ് യൂണിയന്റെയും പതനവും, പോളണ്ടിൽ നിന്നുള്ള കമ്മ്യൂണിസത്തിന്റെ വിടപറയലും നമ്മൾ കണ്ടു. 1991-ൽ ഇറങ്ങിയ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലെ ഡയലോഗിനാധാരവും ഇതു തന്നെ. പിന്നീട് വലതു പക്ഷവും ഇടതു പക്ഷവും മാറി മാറി പോളണ്ട് ഭരിച്ചു. ചിലപ്പോഴൊക്കെ രണ്ടു കൂട്ടരും ഒരുമിച്ചു ചേർന്നും ഭരിച്ചു. 2004-ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നതിനുശേഷം ലോകകമ്പോളം പോളണ്ടിൽ തുറക്കപ്പെട്ടു. അയർലണ്ടിനെ അപേക്ഷിച്ച് പോളണ്ടിലെ ജീവിതച്ചെലവ് കുറവെന്നു പറയുക വയ്യ, സ്വദേശീയർക്കും സന്ദർശകർക്കു പൊതുവെയും.

    പോളണ്ടിലെ കാഴ്ചകൾ

    നഗര ചത്വരം (Old Town Main Square)

    എയർപോർട്ടിൽ നിന്ന് ടാക്‌സിയിൽ നേരത്തെ ബുക്കു ചെയ്‌തിരുന്ന പഴയ ടൗണിനടുത്തുള്ള മെർക്യൂറി(Hotel Mercure) ഹോട്ടലിലേക്കു പോയി. ടാക്സിക്കൂലി കൊടുക്കാൻ revolut കാർഡുപയോഗിച്ചു. പോളണ്ടിലെ കറൻസിയുടെ പേര് സ്ലോട്ടി (zloti) എന്നാണ്. ഒരു സ്ലോട്ടി ഏകദേശം 20 രൂപ വരും. ഒരു യൂറോയ്ക്ക് ഏകദേശം നാലര സ്ലോട്ടിയും ലഭിക്കും.

    ഹോട്ടലിലെ അല്പനേരത്തെ വിശ്രമത്തിനു ശേഷം നഗര ചത്വരം (old town square – stare miasto) കാണാൻ പോയി. ചത്വരത്തിന് ഒരു വശത്തായി രാജകീയ പ്രൗഢിയോടെ ഇരട്ടക്കുതിരകളെ പൂട്ടി സവാരിക്കാരെ കാത്തു നിൽക്കുന്ന സുന്ദരികളായ സാരഥികൾ. മറ്റൊരു വശത്ത് സെന്റ് മേരീസ് ബസിലിക്ക, മറ്റൊരിടത്ത് കണ്ണുകൾ ചൂഴ്ന്നെടുത്ത, മുഖത്തു ബാൻഡേജ് ഒട്ടിച്ച തരത്തിൽ വെങ്കലത്തിൽ തീർത്ത ഭീമാകാരനായ ഒരു മനുഷ്യന്റെ തല. അകം പൊള്ളയായതുകൊണ്ട് അകത്തു കയറിനിന്ന് പ്രതിമയുടെ കണ്ണുകളിലൂടെ പുറത്തേക്കു നോക്കിക്കൊണ്ട് ആളുകൾക്ക് പടമെടുക്കാം. ഇഗോർ മിതോരാജ് (Igor Mitoraj) എന്ന ശില്പി ഒരുക്കിയ ഈ പ്രതിമയ്ക്ക് Eros bound or Eros Bentato എന്നു പേരിട്ടിരിക്കുന്നു.

    സ്നേഹം കൊണ്ട് അടിമയാക്കപ്പെട്ടവൻറെ അടയാളം എന്നാണ് ഈ ശിൽപ്പത്തിനു കൊടുത്തിരിക്കുന്ന വിശേഷണം.

    ചത്വരത്തിൽ ധാരാളം ഭക്ഷണ ശാലകൾ. ഞങ്ങൾ പോളണ്ടിന്റെ തനതു വിഭവമായ പിറോഗിയും (pierogi dumblings) ഷിവിയെക് (zywiec) എന്ന പോളിഷ് ബിയറും കഴിച്ചു. പിറോഗി എന്നത് മാവ് കുഴച്ചെടുത്ത്, വേവിച്ച പല തരത്തിലുള്ള ഇറച്ചിയോ പച്ചക്കറിയോ ഉള്ളിൽ വെച്ച് പ്രത്യേക രൂപത്തിലാക്കി പുഴുങ്ങിയെടുക്കുന്ന ഒരു പലഹാരം. ആദ്യദിവസം ആഹ്ലാദത്തോടെ ഹോട്ടലിലേക്കു മടങ്ങിപ്പോകുമ്പോൾ ഞങ്ങളുടെ മനസ്സിൽ പിറ്റെ ദിവസത്തെ ഓഷ് വിറ്റ്സ് (Auschwitz) യാത്രയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

    രാവിലെ 8 മണിക്കു തന്നെ മുൻകൂറായി ബുക്ക് ചെയ്തിരുന്ന ബസ്സിൽ ഞങ്ങൾ യാത്ര തിരിച്ചു. ക്രാകോവ് ടൗണിൽ നിന്നും ഓഷ് വിറ്റ്സിലേക്ക് 50 കിലോമീറ്റർ ദൂരമുണ്ട്. ഓഷ്വിറ്റ്സിനെക്കുറിച്ചു പറയുമ്പോൾ ഹോളോകോസ്റ്റ് (Holocaust) – കൂട്ടക്കൊല അല്ലെങ്കിൽ സമ്പൂർണ്ണനാശം എന്നർത്ഥം, Final solution (അന്തിമ പരിഹാരം) എന്നീ പദങ്ങൾ ഓർക്കേണ്ടതുണ്ട്. ജൂതവംശ നാശത്തിന്റെ final solution ആയിരുന്നു നാസി ജർമ്മനി നടത്തിയ ഓഷ്വിറ്റ്സിലെ കൂട്ടക്കൊല. ഹൃദയഭേദകമായിരുന്നു അവിടുത്തെ കാഴ്‌ചകൾ. മനുഷ്യ മനസ്സുകളെ കീറി മുറിക്കും. ടൂർ ഗൈഡിന്റെ വിവരണം കേട്ട് ഒരിക്കലെങ്കിലും കണ്ണീർ പൊഴിക്കാതെ അവിടുത്തെ കാഴ്‌ചകൾ കണ്ടു മടങ്ങാനാവില്ല.

    രണ്ടു ക്യാമ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഓഷ് വിറ്റ്സ് (Auschwitz 1) ഓഷ് വിറ്റ്സ് II ബിർകെനൗ (Auschwitz || Birkenau)

    ഓഷ് വിറ്റ്സ് 1

    പോളണ്ടിലെ പട്ടാളബാരക്കുകളുടെ മാതൃകയിലുള്ള കെട്ടിട സമുച്ചയത്തിന്റെ പ്രധാന കവാടത്തിനു മുകളിൽ ജർമ്മൻ ഭാഷയിൽ ARBEIT MACHT FREI എന്നെഴുതി വെച്ചിരിക്കുന്നു. ജോലി നിങ്ങളെ സ്വതന്ത്രമാക്കുന്നു (work makes one free) എന്നർത്ഥം. കഠിനമായി പണിയെടുത്തില്ലെങ്കിൽ തുറുങ്കിലടയ്ക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തേക്കാം എന്ന വിപരീത അർത്ഥത്തിൽ വേണം ഈ മുദ്രാവാക്യത്തെ കാണാൻ.

    1940 മെയ് മാസത്തിൽ പോളണ്ടിൽ നിന്നുള്ള 728 രാഷ്ട്രീയ തടവുകാരെയാണ് ആദ്യമായി ഇവിടെ എത്തിക്കുന്നത്. പിന്നീടത് ജർമ്മനിയുടെ യൂറോപ്പിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്നായി ആയിരവും പതിനായിരവും ലക്ഷങ്ങളുമായി എണ്ണം വർദ്ധിച്ചു. ഇതിൽ കൂടുതലും ജൂത വംശജരായിരുന്നു.

    തടവിലാക്കപ്പെട്ടവരെ തിരിച്ചറിയാനായി വസ്ത്രങ്ങളിൽ പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തി. കുട്ടികളെ അമ്മമാരിൽ നിന്നു വേർപെടുത്തി, ഭർത്താക്കന്മാരെ ഭാര്യമാരിൽ നിന്നും. വളരെ പരിമിതമായ ഇടങ്ങളിൽ ആളുകളെ കുത്തി നിറച്ചു. കഠിനമായി പണിയെടുപ്പിച്ചു. അതിശൈത്യത്തെ മറികടക്കാനുള്ള വേഷങ്ങളില്ലാതെ കൊടും തണുപ്പിൽ അവർ വിറങ്ങലിച്ചു. റേഷനളവിൽ, വളരെ കുറച്ചു ഭക്ഷണം മാത്രം. വൃത്തിഹീനമായ അന്തരീക്ഷം. മനുഷ്യർ പലവിധ രോഗങ്ങൾക്കു കീഴ്പ്പെട്ട് മൃഗങ്ങളെപ്പോലെ ചത്തൊടുങ്ങിക്കൊണ്ടിരുന്നു. ദുഷ്‌ചെയ്തികൾ ചോദ്യം ചെയ്തവരെ ബ്ലോക്ക് 11-ലെ ബേസ്മെന്റിൽ വെളിച്ചം കയറാത്ത തടവറയ്ക്കുള്ളിലെ തടവറയിലാക്കി മരണം വരെ പട്ടിണിക്കിട്ടും ശ്വാസം മുട്ടിച്ചും കൊന്നു. ബ്ലോക്ക് 10നും 11നും ഇടയിലുള്ള തുറസ്സായ കൊലക്കളത്തിലെ ഭിത്തിയോടു ചേർത്തു നിർത്തി, വളരെ നിസ്സാരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട ആളുകളെ വെടിവെച്ചു കൊന്ന് നാസിപ്പട ഉല്ലസിച്ചു രസിച്ചു. ഭാര്യമാരെ ദൃക്സാക്ഷികൾ ആക്കിക്കൊണ്ട് മറ്റുള്ളവർക്ക് പാഠമാകാൻ ഭർത്താക്കന്മാരെ പരസ്യമായി തൂക്കിക്കൊന്നു. ഇതിന്റെയൊക്കെ അടയാളങ്ങൾ ഇന്നുമവിടെ അവശേഷിക്കുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവരെ പിടികൂടി കൊന്നുകളഞ്ഞു. എന്നിട്ടും ചിലരൊക്കെ രക്ഷപ്പെടുകയും ചെയ്തു.

    കൊല്ലപ്പെടേണ്ടവരുടെ എണ്ണം കൂടിയപ്പോൾ 1941 സെപ്റ്റംബറിൽ ബ്ലോക്ക് 11ൽ ഗ്യാസ് ചേമ്പർ തുറന്നു. ഒറ്റയടിക്ക് കൂട്ടക്കൊല ചെയ്യാനുള്ള പോംവഴി. ആയിരക്കണക്കിനാളുകൾ സൈക്ലോൺ B (Zyklon B) എന്ന സയനൈഡ് വിഷവാതകം ശ്വസിച്ചു മരിച്ചു. തുറന്നുവിട്ട വിഷവാതകം ശ്വസിച്ചാൽ 15 സെക്കണ്ടിനുള്ളിൽ പിടഞ്ഞു മരിച്ചു വീഴും എന്നതാണ് കണക്ക്.

    സ്ത്രീതടവുകാരെ പലതരം പരീക്ഷണങ്ങൾക്കു വിധേയരാക്കി. വന്ധ്യംകരണവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി ജൂതസ്ത്രീകളെ ഉപയോഗിച്ചു. പഠനങ്ങൾക്കൊടുവിൽ അവരിൽ പലരും മരണത്തിനു കീഴടങ്ങുകയും ചെയ്തു.

    ഓഷ് വിറ്റ്സ് II – ബിർക്കെനൗ

    ഓഷ് വിറ്റ്സ് 1 ൽ തടവുകാരുടെ എണ്ണം പെരുകിയപ്പോൾ മൂന്നു കിലോമീറ്റർ അകലെയുള്ള ബിർക്കെനൗവിൽ രണ്ടാമത്തെ ക്യാമ്പ് തുറന്നു. തടികൊണ്ടുള്ള മുന്നൂറോളം ബാരക്കുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ നാലെണ്ണം ഗ്യാസ് ചേമ്പറുകളും നാലെണ്ണം ക്രിമറ്റോറിയങ്ങളും ആയിരുന്നു. ഓഷ് വിറ്റ്സ് ഒന്നിനെ അപേക്ഷിച്ച് ഇതു വളരെ വലുതായിരുന്നു. ഇവയുടെ നിർമ്മാണത്തിനായി തടവുകാരെത്തന്നെയാണ് ഉപയോഗിച്ചത്. റെയിൽ മാർഗ്ഗം ഗുഡ്സ് വാഗണുകളിൽ കുത്തിനിറച്ച് നാസി ജർമ്മനിയുടെ അധിനിവേശ പ്രദേശങ്ങളിൽ നിന്നായി ആയിരങ്ങളെ ദിവസവും ഇവിടെ എത്തിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. പുനരധിവാസത്തിനായി മെച്ചപ്പെട്ട ഇടത്തേക്കു കൊണ്ടുപോകുന്നു എന്നാണ് അവരെ ധരിപ്പിച്ചിരുന്നത്. പാവങ്ങൾ അവർക്കുള്ള വിലപ്പെട്ടതെല്ലാം കൂട്ടത്തിൽ കൊണ്ടുവന്നു. പക്ഷേ, പ്ലാറ്റ്ഫോമിൽ വെച്ചുതന്നെ അവരെ വേർതിരിച്ചു. കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും അവശരായവരെയും ആരോഗ്യം ക്ഷയിച്ചവരെയും ഗ്യാസ് ചേമ്പറിലിട്ടു കൊല്ലാനായി മാറ്റി നിർത്തപ്പെട്ടു. ആരോഗ്യമുള്ള സ്ത്രീകളെയും പുരുഷന്മാരെയും നിർബന്ധിത ജോലികൾക്കായും മാറ്റി നിർത്തി. ഒരുകൂട്ടം സ്ത്രീകളെയും കുട്ടികളെയും വൈദ്യ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചു. ഇവരൊക്കെ മരണത്തിന്റെ മാലാഖ എന്നറിയപ്പെട്ടിരുന്ന ഡോ. ജോസഫ്മെൻഗലിന്റെ അടുത്താണ് എത്തിപ്പെട്ടത്. പിന്നൊരു കൂട്ടം പെൺകുട്ടികളെയും സ്ത്രീകളെയും ജർമ്മൻ പട്ടാളത്തിന്റെ കാമഭ്രാന്ത് തീർക്കാനായി ഉപയോഗിച്ചു.

    ബിർക്കെനൗവിൽ എത്തിയവരെ രണ്ടായി തരം തിരിച്ചു എന്നു പറയാം. തൊണ്ണൂറു ശതമാനവും ജൂതരായിരുന്നു അവർ. ഉടനെ കൊല്ലേണ്ടവരെന്നും, മൃഗീയമായി പണിയെടുപ്പിച്ചും പീഡിപ്പിച്ചും കൊല്ലേണ്ടവരെന്നും. ഉടനെ കൊല്ലേണ്ടവരെ നേരെ ഗ്യാസ് ചേമ്പറിലേക്കു കൊണ്ടുപോയി. പ്രായമായവരെയും, ആൺ പെൺ വ്യത്യാസമില്ലാതെ പതിനാറു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും, അവശരായ പുരുഷന്മാരെയും, സ്ത്രീകളെയും ഈ ഗണത്തിൽപ്പെടുത്തി. ഗ്യാസ് ചേമ്പറിലേക്കു കൊണ്ടുപോയവരെ പരസ്യമായി വിവസ്ത്രരാക്കി. അണുവിമുക്തമാക്കാനെന്നാണ് (disinfection) അവരോടു പറഞ്ഞത്. അവരുടെ മരണമണിയാണ് മുഴങ്ങിയതെന്ന് പാവങ്ങൾ അറിഞ്ഞില്ല. സമൂഹമധ്യത്തിൽ നാണമെന്തെന്നു തിരിച്ചറിയാൻ പോലുമുള്ള സമയം അവർക്കു കിട്ടിയില്ല. ഒരു ഗ്യാസ് ചേമ്പറിൽ ഒരു സമയം രണ്ടായിരം പേരെ വിഷവാതകം ശ്വസിപ്പിച്ചു കൊന്നുകൊണ്ടിരുന്നു. ഒരു ജീവന് മരണത്തിനു വഴി മാറിക്കൊടുക്കാൻ പതിനഞ്ചോ ഇരുപതോ സെക്കണ്ടുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. ശ്വാസം നിലച്ച ശരീരത്തിലുണ്ടായിരുന്ന വിലയുള്ള ആഭരണങ്ങളൊക്കെ അവർ ഊരിയെടുത്തു. വായിലുണ്ടായിരുന്ന സ്വർണ്ണപ്പല്ലുകൾ അവർ നിഷ്ഠൂരം പറിച്ചെടുത്തു. അക്കാലത്തു ജൂതർ സ്വർണ്ണപ്പല്ലുകൾ വെക്കുന്നത് കുടുംബമഹിമയുടെ അടയാളമായിരുന്നു. ജൂതപ്പെൺകുട്ടികളുടെയും സ്ത്രീകളുടെയും നീണ്ട മുടി വടിച്ചെടുത്തു. മുടി പിന്നീട് വൃത്തിയാക്കി ചാക്കുകളിലാക്കി പലവിധ ഉപയോഗങ്ങൾക്കായി ജർമ്മൻ കമ്പനികളിലേക്കയച്ചു. ശവങ്ങൾ ക്രിമട്ടോറിയത്തിൽ ഒരുമിച്ചിട്ടു കത്തിച്ചു ചാമ്പലാക്കി.

    ഓഷ് വിറ്റ്സ് 1 ബാരക്കിലെ ഒരു വലിയ മുറിയിൽ നാസികൾ കമ്പനികളിലേക്കയ്ക്കാൻ പറ്റാതെ വന്ന രണ്ടു ടൺ മുടി കൂട്ടിയിട്ടിരിക്കുന്നതു കാണാൻ കഴിയും. ഒരു മുറിയിൽ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആയിരക്കണക്കിനു ചെരിപ്പുകളും ഷൂസുകളും കൂട്ടിയിട്ടിരിക്കുന്നു. മറ്റൊരു മുറിയിൽ കുഞ്ഞുങ്ങളുടെ ഉടുപ്പുകളും, പാവകളും, കളിക്കോപ്പുകളും. നീണ്ട ഇടനാഴിയിലെ ഭിത്തികളിൽ കൊല്ലപ്പെട്ടവരുടെ പടങ്ങൾ പതിച്ചിരിക്കുന്നു. മൃഗീയമായ ക്രൂരതയുടെ അടയാളങ്ങൾ. എല്ലാ കാഴ്ചകളും നമ്മെ കണ്ണീരണിയിക്കും.

    ബിർക്കെനൗവിൽത്തന്നെ ഏകദേശം പത്തു ലക്ഷം പേരെ ഗ്യാസ് ചേമ്പറിലിട്ടു കൊന്നുവെന്ന് കണക്കുകൾ പറയുന്നു.

    ഓഷ് വിറ്റ്സിലാകെ 13 ലക്ഷം പേരെ കൊന്നുവെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ, ഓഷ് വിറ്റ്സിലെ മേധാവിയായിരുന്ന റൂഡോൾഫ് ഹോസ്, തന്റെ വിചാരണ വേളയിൽ വെളിപ്പെടുത്തിയത് 30 ലക്ഷം പേരെ കൊന്നിട്ടുണ്ട് എന്നാണ്. അതിക്രൂരനായ ഇയാളെ പിന്നീട് തൂക്കി കൊല്ലുകയാണുണ്ടായത്.

    രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി തോൽക്കുമെന്നുറപ്പായപ്പോൾ ഓഷ് വിറ്റ്സ് ബിർക്കെനോവിലെ മിക്കവാറും ബാരക്കുകളൊക്കെ അവർ നശിപ്പിച്ചു. ചിലതു മാത്രം തിരുശേഷിപ്പുകളായി ഇപ്പോഴും നിലനിൽക്കുന്നു. കൂട്ടക്കുരുതിയുടെ രേഖകളും തെളിവുകളും നശിപ്പിച്ചു. ആരോഗ്യമുള്ള തടവുകാരെ നാടു കടത്തിയിട്ട് നാസിപ്പടയും ഓഷ് വിറ്റ്സിൽ നിന്നു പിൻവാങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ റഷ്യൻ പട്ടാളം ഓഷ് വിറ്റ്സ് വളയുകയും അവശേഷിച്ചവരെ രക്ഷപ്പെടുത്തുകയും ചെയ്തു.

    ഓസ്കാർ ഷിൻഡ്‌ലേഴ്‌സ് ഫാക്ടറി

    രണ്ടാം ലോക മഹായുദ്ധ കാലത്ത് ക്രാകോവിലെ ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിൽ ആയിരക്കണക്കിന് ജൂതരെ കൊന്നൊടുക്കിക്കൊണ്ടിരുന്ന കാലം. ഓസ്കാർ ഷിൻഡ്‌ലർ എന്ന വ്യവസായിക്ക് എങ്ങനെയെങ്കിലും കുറെ ജൂതരെ കൂട്ടക്കൊലയിൽ നിന്നു രക്ഷപ്പെടുത്തണമെന്ന വലിയ ആഗ്രഹം തോന്നി. അദ്ദേഹം ഒരു നാസി അംഗമായിരുന്നെങ്കിലും ഈ കൂട്ടക്കൊലയിൽ അദ്ദേഹത്തിന്റെ മനം നൊന്തു. ആയിരത്തി ഇരുന്നൂറോളം ജൂതരെ തന്റെ ഇനാമൽ ഫാക്ടറിയിലേക്ക് (Oskar Schindler’s Enamel factory) ജോലിക്കായി നാസികളിൽ നിന്ന് വളരെ തന്ത്രപൂർവ്വം മോചിപ്പിച്ചെടുത്തു. ഫാക്ട‌റിയിൽ ജോലിക്കെടുക്കുക എന്നതിനപ്പുറം അവരെ മരണത്തിൽ നിന്നു രക്ഷപ്പെടുത്തുക എന്നതായിരുന്നു ഷിൻഡ്ലറിന്റെ പ്രധാന ഉദ്ദേശം. തന്റെ തൊഴിലാളികൾക്കു വേണ്ടി അദ്ദേഹം ജീവിച്ചു, സ്വത്തും പണവും ഉപയോഗിച്ചു. ഒടുവിൽ 1974ൽ ജർമ്മനിയിൽ വെച്ചു മരണത്തിനു കീഴടങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ കൈവശം ഒന്നും അവശേഷിച്ചില്ല. കൂടുതൽ ജൂതരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്ന  ആശങ്ക മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. 1993 ൽ Schindler’s List എന്ന പേരിൽ ഷിൻഡ്ലറിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പ‌ീൽബർഗ് സിനിമയെടുത്തു. സിനിമ, ഓസ്കാർ അവാർഡ് ഉൾപ്പെടെ ധാരാളം അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

    വിലീസ്‌ക ഉപ്പ് ഖനി (Wieliczka salt mine)

    ക്രാക്കോവ് സന്ദർശിക്കുന്ന ഒരാൾക്ക് ഇഷ്ടപ്പെടുന്ന കാഴ്‌ചയാണ് വിലീസ്കാ ഉപ്പ് ഖനി. ടൗണിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം. പതിമൂന്നാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഈ ഉപ്പ് ഖനി ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി നിലകൊള്ളുന്നു. ഈ ഖനിക്ക് സമുദ്ര നിരപ്പിൽ നിന്ന് 327 മീറ്റർ താഴ്ച്ചയുണ്ട്, ഒമ്പതു ലെവലുകളും. 135 മീറ്റർ താഴ്ച്ച വരെയാണ് സന്ദർശകർക്കു പ്രവേശനമുള്ളത്. 1996 വരെ, ഖനനം ചെയ്ത് വീട്ടാവശ്യങ്ങൾക്കുള്ള കറിയുപ്പിന്റെ വ്യാപാരം നടത്തിപ്പോന്നു. വെള്ളനിറത്തിനു പകരം ഇവിടുത്തെ ഉപ്പിന് ചാരനിറമാണ്.

    64 മീറ്റർ താഴ്ചയിലുള്ള ഒന്നാം ലെവലിൽ എത്തിച്ചേരണമെങ്കിൽ തടി കൊണ്ടുള്ള 380 പടികൾ ഇറങ്ങണം. സന്ദർശകർക്കു പ്രവേശനമുള്ള മൂന്നാം ലെവൽ വരെ എത്തിച്ചേരണമെങ്കിൽ 800 പടികളും ഇറങ്ങണം. ആകെ മൂന്നര കിലോമീറ്റർ ദൂരവും നടക്കേണ്ടതുണ്ട്. ഒരു സന്ദർശകൻ ആകെ നടക്കുന്നത് ഈ ഖനിയുടെ മൊത്തം

    വിസ്തീർണ്ണത്തിന്റെ ഒരു ശതമാനം മാത്രമേയുള്ളൂ. പോകുന്ന വഴിയുടെ ഇരുവശവും കോൺക്രീറ്റ് ഭിത്തികൾ എന്നു തോന്നും വണ്ണം ഉപ്പുഭിത്തികളാണ്. ഉപ്പുരുകാതെ സൂക്ഷിക്കുന്നതിനായി ഖനിക്കുള്ളിലെ ഭീത്തികളൊക്കെ ഉരുളൻ തടികളുപയോഗിച്ച് 18 ഡിഗ്രി സെൽഷ്യസ്സിൽ ഊഷ്മാവ് ക്രമീകരിച്ചിട്ടുണ്ട്. തടികൾ ഉപ്പുരസവും നീരാവിയും വലിച്ചെടുത്ത് കൂടുതൽ ബലപ്പെടുന്നു. പോകുന്ന വഴിയിൽ പലയിടങ്ങളിലായി കല്ലിൽ കൊത്തിയെടുത്തതു പോലെ ഉപ്പിൽ കൊത്തിയെടുത്ത മനോഹരമായ അനേകം പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മനോഹരമായ പ്രതിമയും ഇക്കൂട്ടത്തിലുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ പ്രശസ്ത പോളിഷ് ജ്യോതിശാസ്ത്രജ്ഞനായിരുന്ന നിക്കോളോസ് കോപ്പർനിക്കസ് ഈ ഉപ്പുഖനി സന്ദർശിച്ചതിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചു. താഴേക്കു പോകുന്ന വഴിയിൽ ഉപ്പിൽ നിർമ്മിച്ച നാലു കപ്പേളകൾ കാണാം. ഇവിടെയുള്ള ചില രൂപങ്ങളും അലങ്കാരങ്ങളും ഉപ്പുപാളികളിൽ കൊത്തിയെടുത്തവയാണ്. ഏറ്റവും മനോഹരമായ ദൃശ്യവിരുന്നൊരുക്കുന്നത് സെന്റ് കിംഗയുടെ നാമധേയത്തിലുള്ള ചാപ്പലിലാണ്. ഉപ്പിന്റെ ചുവർഭിത്തികളിൽ ഒടുവിലത്തെ അത്താഴമുൾപ്പെടെ പുതിയ നിയമത്തിലെ പല ഏടുകളും കൊത്തി വെച്ചിരിക്കുന്നു. ഇവിടെ തൂക്കിയിട്ടിരിക്കുന്ന ചാൻഡ്ലിയറുകളിൽ വെട്ടിത്തിളങ്ങുന്ന മുത്തുമണികൾ കണ്ടാൽ ഉപ്പിന്റെ കഷണങ്ങൾ

    മിനുസപ്പെടുത്തിയതാണെന്നു പറയുകയേയില്ല. സ്‌ഫടികത്തേക്കാൾ തിളക്കമുള്ളവ. വലിയ വിസ്തീർണ്ണമുള്ള ഈ പള്ളിയിൽ വെച്ച് പല വിവാഹങ്ങളും നടക്കുന്നുണ്ട്. സൽക്കാരങ്ങൾക്കായി വലിയ ഹാളും അലങ്കരിച്ചിട്ടിരിക്കുന്നു. ഉപ്പിന്റെ പാളികളിൽ ചിത്രപ്പണികൾ ചെയ്ത് മനോഹരമാക്കിയ തറകൾ. സിറാമിക് തറയോടുകളെക്കാൾ ഭംഗിയുള്ള ഉപ്പിന്റെ തറയോടുകൾ.

    ഉപ്പുഖനിയിലെ മായക്കാഴ്‌ചകൾ കണ്ടു മടങ്ങുന്ന സന്ദർശകർക്ക് 135 മീറ്റർ മുകളിലേക്കു പോകാനായി മാത്രം ലിഫ്റ്റ് സൗകര്യമുണ്ട്.

    സാകോപാനെ (Zakopane)

    ക്രാകോവിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്തതാൽ സാകോപാനെ ടൗണിലെത്താം. ഞങ്ങളുടെ ടൂർ ബസ്സിലെ ഗൈഡ്, സാകോപാനെ പ്രദേശത്തിന്റെ സവിശേഷതകൾ വിവരിച്ചു കൊണ്ടിരുന്നു. അയൽരാജ്യമായ സ്ലോവെക്യയുമായി അതിരുകൾ പങ്കിടുന്ന പ്രദേശം. ടാട്രാ പർവതനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു താഴ്വാരം. പ്രകൃതി ഭംഗിയാൽ സമൃദ്ധമായ പ്രദേശം. ഗോറൽ സംസ്കാരം ഇവിടെ വംശീയമായി നിലനിൽക്കുന്നു. ചെമ്മരിയാടുകളെ പരിപാലിക്കുന്നതാണ് അവരുടെ ജീവിതമാർഗ്ഗം. ഇവയുടെ ചർമ്മം കൊണ്ടുണ്ടാക്കിയ ഉടുപ്പുകളും ചെരിപ്പുകളും വേഷവിധാനത്തിൽ കണ്ടു വരുന്നു.

    കാലാവസ്ഥക്കനുയോജ്യമായ പരമ്പരാഗത ശൈലിയിൽ തടികൊണ്ടുള്ള ചെറിയ വീടുകൾ സാകോപാനെയുടെ പ്രത്യേകതയാണ്. 

    ഒസിപെക് ചീസും (Oscypek cheese) സോപ്ലിക്ക (Soplica) വോഡ്‌കയും.

    സാകോപാനെ ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടു കാര്യങ്ങളാണ് ഓസിപെക് ചീസ് ടേസ്റ്റിങ്ങും സോപ്ലിക്ക വോഡ്‌കയും. ചെമ്മരിയാടിന്റെ പാലിൽനിന്നും പരമ്പരാഗത രീതിയിൽ കുടിൽ വ്യവസായം പോലെ ഉണ്ടാക്കിയെടുക്കുന്നതാണ് ഓസിപെക് ചീസ്. സാകോപാനെയിൽ മാത്രം ലഭിക്കുന്ന ചീസാണിത്. 8 ലിറ്റർ പാൽ ചില ചേരുവകളും ചേർത്ത് പല പ്രക്രിയകളിലൂടെ വറ്റിച്ചെടുത്താണ് ഒരു കിലോ ചീസ് ഉൽപ്പാദിപ്പിക്കുന്നത്. വറുത്തെടുക്കുന്ന ഈ ചീസും ക്രാൻബെറി ജാമും ചേർത്തു കഴിക്കുന്നതാണ് അതിന്റെ രീതി.

    പല പഴങ്ങളുടെ രുചിയിൽ ഉണ്ടാക്കിയെടുക്കുന്ന സോപ്ലിക്ക വോഡ്‌കയിൽ 30 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. ഈ ചീസും വോഡ്‌കയും ഞങ്ങൾക്കു പുതിയൊരു അനുഭവമായി മാറി.

    സാകോപാനെ സെൻ്ററിൽ നിന്നും കേബിൾ കാറിൽ രണ്ടായിരം അടി മുകളിലെ നിരപ്പായ സ്ഥലത്തെത്താം. ഇവിടെ നിന്നാൽ പ്രകൃതിരമണീയമായ ടെട്രാ പർവ്വത നിരകൾ കാണാം. ഉത്സവപ്പറമ്പിലെ കാഴ്ച‌കൾ പോലെ ടൂറിസ്റ്റുകൾക്കായി പലതും ഇവിടെ ഒരുക്കിയിരിക്കുന്നു.

    ക്രാക്കോവ് തെർമൽ സ്പാ

    സാകോപാനെയിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ തെർമൽ ബാത്ത് എടുക്കാനുള്ള സൗകര്യവും ഈ ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    മൂവായിരം ചതുരശ്ര മീറ്ററിൽ പല പൂളുകളിലായി ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സ്വിമ്മിംഗ് വേഷത്തിലാണ് ഇവിടെ ആളുകൾ കുളിക്കാനിറങ്ങുന്നത്. ചൂടുവെള്ളത്തിലെ കുളി ശരീരത്തിന് ഉന്മേഷം പകർന്നെങ്കിലും രാത്രിയിൽ ഹോട്ടൽ മുറിയിലെത്തുമ്പോൾ ഞങ്ങൾ ക്ഷീണിതരായിരുന്നു.

    വാവെൽ കാസിലും വാവെൽ കത്തീഡ്രലും

    ക്രാക്കോവിലെ വിസ്തുല നദിക്കരയിലായി സമുദ്ര നിരപ്പിൽ നിന്നും 750 അടി മുകളിലാണ് പതിമൂന്നാം നൂറ്റാണ്ടിലും പതിന്നാലാം നൂറ്റാണ്ടിലുമായി പണിതെടുത്ത വാവെൽ കാസിലും വാവെൽ കത്തീഡ്രലും സ്ഥിതി ചെയ്യുന്നത്. 7000 ചതുരശ്ര മീറ്ററിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൂറ്റൻ കോട്ടയുടെ അടിത്തറ കെട്ടിയിരിക്കുന്നത് ചുണ്ണാമ്പ് കല്ലിലാണെന്നു പറയപ്പെടുന്നു. ഏതൊരു സന്ദർശകനെയും ആകർഷിക്കുന്ന തരത്തിലാണ് ഇതിന്റെ വാസ്തുവിദ്യ. പല തരത്തിലുള്ള മ്യൂസിയങ്ങളാണ് ഇവിടെയുള്ളത്. തുടക്ക കാലത്ത് പോളണ്ടിലെ രാജാക്കന്മാരുടെ കൊട്ടാരങ്ങളായിരുന്നു ഇവയൊക്കെ.

    വാവെൽ കത്തീഡ്രലും ഈ കോട്ടയിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഗോത്തിക് (Gothic) രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ പള്ളിയിലാണ് സ്റ്റാനിസ്ലാവൂസ് എന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്നത്.

    വിസ്തുല നദിയിലൂടെയുള്ള ഒരു ബോട്ട് യാത്ര ആനന്ദകരമായേക്കാം. സമയക്കുറവ് മൂലം അതു ഞങ്ങൾ ഒഴിവാക്കി.

    പോളണ്ടിലെ ക്രാക്കോവ് എന്ന ഒരു സ്ഥലത്തെക്കുറിച്ചു മാത്രമേ ഇവിടെ ഞാൻ വിസ്ത‌രിച്ചു പറഞ്ഞിട്ടുള്ളൂ. ഇനിയും എത്രയോ സ്ഥലങ്ങൾ ബാക്കി കിടക്കുന്നു. സന്ദർശിക്കാനുള്ള അവസരവും കാലവും അവശേഷിക്കുന്നെങ്കിൽ പോളണ്ടിനെക്കുറിച്ചു പലതും പിന്നീടു പറയാം.

    – രാജൻ ദേവസ്യ വയലുങ്കൽ

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7