വീണ്ടും ഒരോണക്കാലം വരവായി..
എന്റെ ഓർമ്മകൾ കഴിഞ്ഞ ആറു പതിറ്റാണ്ടുകൾക്കു പിമ്പേ പായുകയാണ്… പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന ബാല്യകാല ഓണക്കാഴ്ചകൾ മനസിന്റെ നിലക്കണ്ണാടിയിൽ നിറഞ്ഞു നിൽക്കുന്നു. തൊടികളിൽ വളരുന്ന ചെത്തി, ചെമ്പരത്തി, തുമ്പ, കോളാമ്പി തുടങ്ങിയ പൂവുകൾ കൊണ്ടുള്ള ഓണപ്പൂക്കളം, സ്വന്തം പറമ്പിൽ നിന്നു വിളവെടുക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചുള്ള ഓണസദ്യ, തുമ്പിതുള്ളൽ, തിരുവാതിരകളി, കൈകൊട്ടിക്കളി, കിളിത്തട്ടുകളി,
കുട്ടിയും കോലും കളി.. അങ്ങനെയങ്ങനെയുള്ള ഓണക്കളികൾ, ഊഞ്ഞാലിൽ ഒറ്റയ്ക്കും പെട്ടയ്ക്കും ആയത്തിലാടി പ്ലാവില കടിക്കാൻ വെമ്പുന്ന കുട്ടികൾ…. അറുതികളിലും വറുതികളിലും പെട്ടുഴലുമ്പോഴും ‘കാണം വിറ്റും ഓണമുണ്ണണം’ എന്ന പതിവുചൊല്ലിനെ സാധൂകരിക്കുന്ന രീതിയിൽ തങ്ങളാലാകും വിധം ഓണദിനങ്ങൾ മധുരതരമാക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ….
നാട്ടിൻപുറത്തെ ഓണാഘോഷങ്ങളിൽ ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന മഹത്തായ ആശയത്തിനായിരുന്നു മുൻതൂക്കം. എൻ്റെ, എൻ്റെ എന്ന സ്വാർത്ഥ ചിന്തകൾക്കപ്പുറം, നമ്മുടെ എന്ന ഒറ്റ ആശയത്താൽ ശോഭിതമായിരുന്നു അന്നത്തെ മനുഷ്യജീവിതം. ഇന്നിപ്പോൾ ഓണത്തിന്റെ മട്ടു മാറി, എൻ്റെയും നിങ്ങളുടെയും ചിന്തകൾ മാറി, ഗ്രാമത്തിന്റെ സൗന്ദര്യവും ചോർന്നു. എവിടെയൊക്കെയോ ഒരകൽച്ച രൂപപ്പെട്ടു. ഇതൊക്കെ എന്റെ വെറും തോന്നലുകൾ ആണോ, അറിയില്ല.
ഇവിടെ, അയർലണ്ടിലെ മലയാളി കൂട്ടായ്മകളിൽ ആർപ്പുവിളികൾ കൊണ്ടു മുഖരിതമാകുന്ന അന്തരീക്ഷം, പൂക്കളങ്ങളിൽ മേൽത്തരം പൂവുകളുടെ മനോഹര സമ്മേളനം, സദ്യവട്ടങ്ങളുടെ കലവറയിൽ നിന്നുയരുന്ന മാസ്മരിക ഗന്ധം, കസവുവേഷങ്ങളിൽ സൗന്ദര്യം വാരി വിതറുന്ന ചന്ദനക്കുറിയിട്ട മലയാളിമങ്കമാർ, വടംവലിയിൽ കരുത്തു തെളിയിക്കുന്ന പുരുഷകേസരികൾ, രണ്ടോ നാലോ അടിച്ചതിന്റെ ലഹരിയിൽ നുരഞ്ഞു പൊന്തുന്ന ആണുങ്ങളുടെ ഗീർവാണങ്ങൾ, എന്നുവേണ്ട എല്ലാംകൂടി ഒത്തുചേരുമ്പോൾ ഏവരുടെയും പ്രസന്ന മുഖങ്ങളിൽ സംതൃപ്തിയുടെ നിഴലാട്ടങ്ങൾ…
കഷ്ടിച്ച് കാൽ നൂറ്റാണ്ടിന്റെ പഴക്കമേ അയർലണ്ടിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിനുള്ളൂ. ഇതിനോടകം ഇല്ലായ്മകളും വല്ലായ്‌മകളും മാഞ്ഞു പോയി എന്നു വേണം കരുതാൻ. സാമ്പത്തിക ഇല്ലായ്‌മ ഒട്ടുമേ കാണില്ല. ഒന്നിൽക്കൂടുതൽ വീടുകളും വാഹനങ്ങളും ഉള്ളവർ കുറവല്ല. നല്ലതുതന്നെ. എല്ലാവരും സന്തോഷത്തോടെ കഴിയട്ടെ. ആരോഗ്യപരമായ വല്ലായ്മകൾ ചിലരെയെങ്കിലും അലട്ടുന്നുണ്ടാകാം. അതിനൊക്കെയും പരിഹാരമുണ്ടാക്കി മുമ്പോട്ടു കുതിക്കാം നമുക്ക്.
ഓണമാകുമ്പോൾ സന്തോഷത്തിനും അർമാദത്തിനും പിശുക്കു കാണിക്കേണ്ട കാര്യമില്ല. അപ്പോൾപ്പിന്നെ പല സങ്കടങ്ങളും നമുക്കു മറക്കേണ്ടി വരും, അല്ലേ?. വയനാട്ടിലെ മലമടക്കിൽ നിന്ന് അലറിയെത്തിയ ഉരുളുകളും, കലിതുള്ളി പെയ്തിറങ്ങിയ മലവെള്ളപ്പാച്ചിലും പത്തഞ്ഞൂറു പേരെ എന്നെന്നേക്കുമായി ഒഴുക്കിക്കൊണ്ടു പോയില്ലേ? അവരെ നാം മറന്നു തുടങ്ങി. പാവങ്ങൾ ഉറക്കത്തിലായതു കൊണ്ട് മരണം വന്നു വിളിച്ചത് സ്വപ്‌നമാണെന്നു കരുതിക്കാണും. ചുമ്മാതെയല്ല, ‘മഞ്ഞ്’ എന്ന ചെറുനോവലിൽ പ്രിയപ്പെട്ട കഥാകാരൻ എം ടി പറഞ്ഞത് “മരണം രംഗബോധമില്ലാതെ കടന്നു വരുന്ന കോമാളി” ആണെന്ന്. മറവി നമുക്കു കിട്ടിയ ഒരനുഗ്രഹമാണ്, ഒരു വരം പോലെയാണ്. 2018 ലെ പ്രളയം നാം മറന്നില്ലേ, കോവിഡ് മഹാമാരിയും നാം മറന്നില്ലേ? അതുപോലെയേ ഉള്ളൂ വയനാട് ദുരന്തവും.
മറക്കാതിരിക്കണമെങ്കിൽ ഏതു ദുരന്തവും നമ്മെ ഓരോരുത്തരെയും നേരിട്ടു വന്നു തൊടണം. അപ്പോൾ നമ്മുടെ ചങ്കിൽ സൂചി കുത്തിയിറക്കും പോലെ വേദനിക്കും.
ഒരു കാര്യത്തിൽ നമുക്കഭിമാനിക്കാം. ഒരു ദുരന്തമുണ്ടാകുമ്പോൾ നാമെല്ലാം ഒന്നിക്കും, പരസ്പ്‌പരം കൈകോർക്കും. അപ്പോഴവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയ ഭിന്നതയില്ല, കള്ളമില്ല, ചതിയില്ല, ഒന്നുമില്ല. പക്ഷെ, പെട്ടെന്നുതന്നെ നമ്മളതു മറക്കും. പിന്നീടു നമ്മൾ പരസ്പരം പോരടിക്കും,ഗോഗ്വാ വിളിക്കും, ഒരുമയുടെ ചങ്ങലകൾ പൊട്ടിക്കും, ഒടുവിൽ പരസ്പരം വെട്ടി വെട്ടി പണ്ടാരമടങ്ങും. ഒരു കാര്യം നിസ്സംശയം പറയാം, ഈ മറവി സ്വന്തം മന:സാക്ഷിയോടും സമൂഹ മന:സാക്ഷിയോടും കാട്ടുന്ന അക്ഷന്തവ്യമായ അപരാധമാണ്.
ദുഷ്ടചിന്തകളൊന്നുമില്ലാത്ത മനുഷ്യർ വസിക്കുന്ന ഒരു കാലത്തെക്കുറിച്ചല്ലേ ഓണം നമ്മെ പഠിപ്പിച്ചത്. പക്ഷെ, നമ്മൾ വീണ്ടും വീണ്ടും പരാജയപ്പെടുന്നു. ഓണക്കാലത്തു വെറുതെ പൂക്കളിറുത്തു കളമൊരുക്കിയതു കൊണ്ടായില്ല, അവ നമ്മുടെ സ്വന്തം മനസുകളിൽ വിടരുന്ന പൂവുകളായി മാറണം, അവ മറ്റുള്ളവരുടെ കണ്ണുകൾക്ക് ആനന്ദവും ഹൃദയങ്ങൾക്ക് സുഗന്ധവും പകരണം, സന്തോഷവും സമാധാനവും ശാന്തിയും പകരണം. നമ്മുടെ ചിന്തകൾക്ക് ആകാശത്തേക്കാൾ വലിപ്പമുണ്ടാകണം, പ്രവൃത്തികൾക്ക് നക്ഷത്രങ്ങളെക്കാൾ തിളക്കമുണ്ടാകണം.
ഈ വർഷത്തെ ഓണത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ഒരു പുതിയ നൂറ്റാണ്ടിലേക്കു നാം കടക്കുകയാണ്, കൊല്ലവർഷം 1200. ഒരു കണക്കെടുപ്പിനുള്ള സമയമായി… നമ്മുടെ ജീവിതത്തിൽ നിന്നു കൊഴിഞ്ഞു വീണ വർഷങ്ങളിലെ പ്രവൃത്തികളെക്കുറിച്ചൊരു വിലയിരുത്തൽ നടത്താം. ജീവിതത്തിന്റെ കണക്കുപുസ്‌തകത്തിൽ ലാഭനഷ്ട കണക്കുകൾ കുറിക്കുമ്പോൾ ചെയ്തുപോയ തെറ്റുകളെ മറികടക്കുന്നതാകട്ടെ നമ്മുടെ ഏതൊരു ‘പുണ്യപ്രവൃത്തിയും.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
– രാജൻ ദേവസ്യ വയലുങ്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































