
അലബാമ: ബിര്‍മിംഹാമില്‍ നിന്നും ഇരുന്നൂറ് മൈല്‍ അകലെ ജനീവ ഗ്രാമത്തില്‍ ക്രിസ്തുമസ് രാത്രിയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് ജനീവ ഹൈസ്ക്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് ലെഫ്റ്റ് മെക്ഡഫി അറിയിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു ഇവര്‍ അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു.
5 കൂട്ടുകാരികള്‍ ചേര്‍ന്ന് കാറില്‍ പോകുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും തെന്നിമാറി ഓക്ക് ട്രീയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
മുന്‍ സീറ്റിലൂണ്ടായിരുന്ന കാമ്പിഡെ ഡണ്‍, എമിലി ഫെയ്ന്‍, അഡിസണ്‍ മാര്‍ട്ടില്‍ എന്നീ 16 നും 17നും ഇടയിലുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പിന്‍സീറ്റില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 5 പേരേയും ബിര്‍മിംഹാമിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
ക്രിസ്തുമസ് രാത്രിയില്‍ ഓരു കൂട്ടുകാരിയുടെ വീട്ടിലുള്ള ആഘോഷങ്ങള്‍ക്ക് ശേഷം മറ്റൊരു കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. വാഹനാപകടത്തിന്റെ കാരണം പോലീസ് പരിശോധിച്ചുവരുന്നു.
ജനീവ സ്ക്കൂള്‍ ബോര്‍ഡ് പ്രസിഡന്റ് റോണ്‍ സ്‌നെല്‍ വിദ്യാര്‍ത്ഥികളുടെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പലരുടേയും ജീവിതത്തെ സ്പര്‍ശിച്ച വിദ്യാര്‍ത്ഥികളായിരുന്നു ഇവരെന്നും പ്രസിഡന്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.