സൗത്ത് കരോളിനാ: ജയിലധികൃതരുടെ അശ്രദ്ധയും, അവഗണനയും മൂലം ജയിലിലെ ശുചിമുറിയില്‍ ജന്മം നല്‍കിയ ഇരട്ട കുട്ടികളില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ 1.15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സും, രണ്ടു മെഡിക്കല്‍ കമ്പനികളും ധാരണയായതായി ജനുവരി 31ന് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ചൂണ്ടികാട്ടി.
2012 ല്‍ കാമില്ലി ഗ്രാഫിന്‍ ഗ്രഹാം കറക്ഷ്ണല്‍ ഫെസിലിറ്റിയിലായിരുന്നു സംഭവം. 26 ആഴ്ച ഗര്‍ഭിണിയായിരുന്നു. ഇവര്‍ പ്രസവം നടന്ന ദിവസം പല തവണ ജയില്‍ മെഡിക്കല്‍ ഫെസിലിറ്റിയില്‍ പരിശോധയ്ക്കായി പോയിരുന്നുവെങ്കിലും, അധികൃതര്‍ അത്രകാര്യമാക്കിയില്ല.
രാത്രി 11.15 ന് വേദന സഹിക്കവയ്യാതെ ജയിലിലെ ബാത്ത് റൂമിലേക്ക് ഓടി. അവിടെ ടോയ്‌ലറ്റിലിരുന്ന് ആദ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവം 14 ആഴ്ച മുമ്പായിരുന്നുവെങ്കിലും, ശരിയായ പരിചരണം കിട്ടിയിരുന്നുവെങ്കില്‍ കുഞ്ഞു മരിക്കയില്ലായിരുന്നുവെന്നാണ് അറ്റോര്‍ണി കോടതിയില്‍ വാദിച്ചത്. ആദ്യ പ്രസവത്തിനുശേഷം നിലവിളി കേട്ടു ഓടിയെത്തിയ ജയിലിലെ സഹതടവുകാര്‍ ഇവരെ വീല്‍ ചെയറിലിരുത്തി മെഡിക്കല്‍ ഫെസിലിറ്റിയിലെത്തിച്ചു. അവിടെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. ആ കുട്ടി ഇന്നും ആരോഗ്യത്തോടെ കഴിയുന്നു.എനിക്ക് ആദ്യമായി ജനിച്ച പെണ്‍കുഞ്ഞിന് ശരിയായ പരിചരണം കിട്ടിയിരുന്നുവെങ്കില്‍ മരിക്കയില്ലായിരുന്നുവെന്നാണ് എന്റെ വിശ്വാസം മാതാവ് പറഞ്ഞു. നഷ്ടപരിഹാര തുകയില്‍ പകുതിയോളം അറ്റോര്‍ണി ഫീസായി നല്‍കേണ്ടിവരും.