വാഷിങ്ടന്‍ ഡിസി : യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു രാഷ്ട്രത്തോടായി പ്രസിഡന്റ് ട്രംപ് നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന യൂണിയന്‍ അഡ്രസിനു ശേഷം ട്രംപിന്റെ റേറ്റിങ്ങില്‍ വന്‍ വര്‍ധന. ട്രംപ് പ്രസിഡന്റായതിനു ശേഷം ഇതുവരെ നടത്തിയ പ്രസംഗങ്ങളെ വിലയിരുത്തുമ്പോള്‍, വര്‍ധിച്ച റേറ്റിങ്ങാണ് (49%) ട്രംപിന് ഇത്തവണ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ യൂണിയന്‍ അഡ്രസിനു ലഭിച്ച ടെലിവിഷന്‍ കാഴ്ചക്കാര്‍ ഈ വര്‍ഷം ഇല്ലായിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഈ പ്രസംഗത്തോടെ അടുത്ത തിരഞ്ഞെടുപ്പില്‍ വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ പ്രവേശനത്തിന് സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ട്രംപ് നടത്തിയ പ്രസംഗം വളരെ കാര്യക്ഷമമായി തയാറാക്കിയതായിരുന്നു എന്നാണ് ഒബാമയുടെ മുന്‍ ഉപദേഷ്ടാവ് ഡേവിഡ് അക്‌സിലോര്‍ഡ് അഭിപ്രായപ്പെട്ടത്. പ്രസംഗത്തില്‍ പരാമര്‍ശിച്ച എല്ലാ വിഷയങ്ങളും അടുത്തു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ തന്നെ, സ്ത്രീകള്‍ക്കിടയില്‍ നിലവിലുള്ള ചെറിയ ആശങ്കകളും സംശയങ്ങളും ദൂരികരിക്കുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിക്കുവാന്‍ തയാറായാല്‍ ട്രംപിന്റെ യശസ്സ് ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അയോവയില്‍ ട്രംപ് വിജയം ആഘോഷിച്ചപ്പോള്‍, അയോവ ഡമോക്രാറ്റിക് കോക്കസില്‍ ഉടലെടുത്ത വോട്ടിങ് ന്യൂനത പൊതുജനമധ്യത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ വലിയ പരാജയമായിട്ടാണ് കണക്കാക്കുന്നത്.