മിഷിഗൺ: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകൾ മരിച്ചത്. 69 മുതൽ 99 വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കന്യാസ്ത്രീകൾ.
മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്റിലെ കന്യാസ്ത്രീകളാണ് മരിച്ചത്. ദുഃഖവെള്ളിയാഴ്ച 99 വയസുള്ള സിസ്റ്റർ മേരി ലൂസിയ വോവ്സിനിയാക് ആണ് കോവിഡ് ബാധിച്ച് ആദ്യം മരിച്ചത്. തുടർന്ന് 11 പേർ കൂടി കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു.
കോൺവെന്റിലുള്ള മറ്റ് 17 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗമുക്തി നേടി. വൈറസ് മുക്തി നേടിയ ഒരാൾ പിന്നീട് മരിച്ചു.
കോൺവെന്റിൽ കഴിയുന്ന കന്യാസ്ത്രീകൾ എല്ലാവരും കൂടുതൽ സമയവും ഒരുമിച്ചായിരുന്നു ചെലവഴിച്ചിരുന്നത്. അധ്യാപകരും നഴ്സുമാരുമായി ജോലി ചെയ്തിരുന്ന ഇവർ ജോലികളിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് കോൺവെന്റിൽ എത്തിയത്.






































