ന്യൂയോര്‍ക്ക്: കൊവിഡ്-19 മൂലം അമേരിക്കയില്‍ തൊഴില്‍മേഖലകള്‍ തകര്‍ച്ചയില്‍. ഈ ആഴ്ച 60 ലക്ഷത്തിലേറെ പേരാണ് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയില്‍ ക്രമാതീതമായ വര്‍ധനവാണെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ആഴ്ച 33 ലക്ഷം അപേക്ഷകളാണ് വന്നത്. മാര്‍ച്ച് 28 ന് അവസാനിച്ച തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയിലാണ് 33 ലക്ഷം അപേക്ഷകള്‍ വന്നത്. ഇതിനു മുമ്പത്തെ ആഴ്ചയില്‍ ഇത് 24000 ആയിരുന്നു.
ഹോട്ടലുകള്‍ക്കാണ് കൊവിഡ് മൂലം അമേരിക്കയില്‍ ഏറ്റവും പ്രതിസന്ധിയുണ്ടായത്. ഒപ്പം നിര്‍മാണ മേഖലയെയും വിപണനമേഖലയെയും കൊവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ തൊഴില്‍ നഷ്ടത്തെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച കണക്കുകളെക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലെ കണക്കുകള്‍.
നിലവില്‍ കൊവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ് 27000 ലേറെ പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 7403 പേര്‍ മരിക്കുകയും ചെയ്തു. 1480 പേരാണ് അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഒറ്റ ദിവസത്തിനുള്ളില്‍ ഏറ്റവും അധികം മരണം നടന്നതും അമേരിക്കയിലാണ്. അമേരിക്കയിലെ കൊവിഡ് കേസുകളില്‍ 30 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നാണ്.






































