gnn24x7

ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ഒരു പെണ്‍കുട്ടി

0
336
gnn24x7

ന്യൂയോര്‍ക്ക്: പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളിലും അമേരിക്കന്‍ വംശീയ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ മെറിക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആഫ്രോ അമേരിക്കന്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തീഷ്ണതുള്ള മുഖത്തോടെ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാവുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിന് കീഴില്‍ പെണ്‍കുട്ടിയുടെ അമ്മ, ഇത് തന്റെ മകള്‍ വൈന്റ അമര്‍ ആണെന്ന് കമന്റ് ചെയ്യുകയുണ്ടായി.

‘നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇതെന്റെ മകള്‍ വൈന്റ അമറാണ്. നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കേണ്ടതുണ്ട്,’ പെണ്‍കുട്ടിയുടെ അമ്മ കമന്റ് ചെയ്തു.

മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നത്. ഇതിനെതിരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത പ്രതിഷേധത്തില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.

പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെറിപിടിച്ച നായ്ക്കളും അപകടകരമായ ആയുധങ്ങളും പ്രതിഷേധക്കാരെ സ്വീകരിക്കാന്‍ കാത്തിരിപ്പുണ്ടെന്നും പറഞ്ഞിരുന്നു.

gnn24x7