വാഷിങ്ടണ്‍: ചികിത്സയുടെ ഭാഗമായി അനസ്‌തേഷ്യയ്ക്ക് വിധേയനാകുന്നതിനാൽ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ താല്‍ക്കാലികമായി പ്രസിഡന്‍റ് സ്ഥാനം വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് കൈമാറും. ഇതോടെ അല്‍പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറും. കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്‍റ്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്‍ കുടല്‍ സംബന്ധമായ പരിശോധനയായ കൊളെനോസ്‌കോപി നടത്താന്‍ വേണ്ടിയാണ് വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ അനസ്‌തേഷ്യക്ക് വിധേയനാകുന്നത്. പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.