gnn24x7

ബൈഡന്റെ തിളക്കമാര്‍ന്ന വിജയം, പ്രതീക്ഷകള്‍ വീണ്ടും പൂത്തുലയുന്നു.

0
426
gnn24x7

ഡാളസ് :അമേരിക്കന്‍ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ദിവസങ്ങള്‍ നീണ്ടുനിന്ന അമേരിക്കന്‍ പൊതു തിരെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്നു. നാലു വര്‍ഷത്തെ ട്രമ്പ് ഭരണം പൂര്‍ണമായും അവസാനിപ്പിച്ച് ബൈഡന്‍- കമലാ ഹാരിസ് സഖ്യം സര്‍വകാല റിക്കാര്‍ഡുകള്‍ തിരുത്തിയെഴുതി മഹാഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നിരിക്കുന്നു. ഈ ശുഭവാര്‍ത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് രാഷ്ട്രീയ അഭയം തേടി വരുന്നവര്‍ക്കും, വര്‍ഷങ്ങളായി മതിയായ രേഖകള്‍ ഇല്ലാതെ ഇവിടെ കുടിയേറിയവര്‍ക്കും ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്.

റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍, ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പ് ഡിബേറ്റില്‍ ബൈഡന്‍ ചൂണ്ടിക്കാണിച്ച, ഏതൊരു മനസിനെയും നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു അനധികൃതമായി കുടിയേറിയ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തപ്പെട്ട അഞ്ഞൂറിലധികം കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക. അവര്‍ എവിടെയാണെന്ന് കണ്ടെത്തി മാതാപിതാക്കളെ ഏല്പിക്കുകയെന്ന പ്രഥമ കര്‍ത്തവ്യം നിറവേറ്റുന്നതിലൂടെ പ്രസിഡന്റ് എന്ന നിലയിലുള്ള ബൈഡന്റെ ഭരണതിളക്കം വര്‍ധിക്കും.



കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വിവിധ വകുപ്പുകളില്‍നിന്നും ധന സമാഹരണം നടത്തി രാജ്യ സുരക്ഷക്കായി കോടിക്കണക്കിനു ഡോളര്‍ ചിലവഴിച്ച് മെക്‌സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയില്‍ നാന്നൂറോളം മൈല്‍ നീളത്തില്‍ ട്രമ്പ് പണിതുയര്‍ത്തിയ മതില്‍ ബെര്‍ലിന്‍ മതിലിനു സമാനമായി മാറ്റുന്നതോടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിവിധ രാജ്യാതിര്‍ത്തികളില്‍ മാസങ്ങളായി തമ്പടിച്ചു കിടക്കുന്ന കാരവന് പ്രവേശനം എളുപ്പമാകും. അഭയം തേടിയെത്തുന്നവരെ തിരിച്ചയക്കുകയല്ല മറിച്ചു അവരെ സ്വീകരിക്കുക എന്ന അമേരിക്കയുടെ പാരമ്പര്യവും ഹൃദയ വിശാലതയും വീണ്ടും ലോക രാഷ്ട്രങ്ങളുടെ പ്രശംസ നേടിയെടുക്കുകയും ചെയ്യും

ഇവിടെ തീരുന്നതല്ല ബൈഡനു മുന്‍പിലുള്ള വെല്ലുവിളികള്‍. ട്രമ്പിന്റെ പിടിപ്പുകേട് മൂലമെന്നു ആരോപിപ്പിക്കപ്പെട്ട പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന ഇപ്പോഴും ഇരട്ടി ശക്തിയോടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് വൈറസിനെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനു മാസ്കും, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും നിര്‍ബന്ധമാകുകയും വേണ്ടിവന്നാല്‍ രാജ്യത്തെ വീണ്ടുമൊരു ലോക് ടൗണിലേക്ക് കൊണ്ടുവരുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണ്ടിവരും.

നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ട്രമ്പ് തടയിട്ട വിവാദമായ ഒബാമ കെയര്‍, അഫോര്‍ഡബ്ള്‍ കെയര്‍ ആക്ട്, ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് (DACA)എന്നിവ വീണ്ടും മുന്‍കാല പ്രാബല്യത്തോടെ നടപ്പാകേണ്ടതുണ്ട്.. അതിരൂക്ഷമായ തൊഴിലില്ലായ്മ, തകര്‍ന്നു കിടക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ എന്നിവ പുനരുദ്ധീകരിക്കുന്ന അതിസങ്കിര്‍ണമായ ചുമതല വിജയപൂര്‍വം തരണം ചെയേണ്ടതുണ്ട്.

പിന്നീട് കമല ഹാരിസിന്റെ ഊഴമാണ്. ഇപ്പോള്‍ അവര്‍ രാഷ്ട്രത്തിന്റെ വൈസ് പ്രസിഡന്റാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് അമ്മയുടെ പാരമ്പര്യം ആവര്‍ത്തിച്ച് ഇന്ത്യന്‍ വോട്ടുകള്‍ നേടിയതിന് പ്രത്യുപകാരമായി ഇന്ത്യന്‍ വംശജരും എന്തെങ്കിലും അവരില്‍ നിന്നും പ്രതീക്ഷിച്ചാല്‍ അതിലൊരു അതിശയോക്തിയും ഇല്ല. അധികാരത്തില്‍ ഇരുന്നുകൊണ്ട് ഇന്ത്യന്‍ വംശജരുടെ പ്രശ്‌നങ്ങള്‍ മാത്രം പരിഹരിച്ചാല്‍ പോര എന്നതും വസ്തുതയാണ്. അമേരിക്കന്‍ ജനതയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടതുണ്ടല്ലോ. എച്ച് 1 വിസ, ഇമ്മിഗ്രേഷന്‍ എന്നീ വിഷങ്ങള്‍ പരിഹരിക്കുന്നതിന് മറ്റേതു പൗരന്മാരെപോലെ ഇന്ത്യന്‍ വംശജര്‍ക്കും അവരെ സമീപിക്കാം. വളരെ അനുഭാവത്തോടു കൂടെത്തന്നെ അതിനു ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് കമല ഹാരിസ് നടപടികള്‍ സ്വീകരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കുന്നതിനുമുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ബൈഡന്‍ – ഹാരിസ് ഭരണത്തിന് കഴിയുമെന്നതില്‍ ഭിന്നാഭിപ്രായാമില്ല അമേരിക്കന്‍ ജനതയുടെ പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി പൂത്തുലയുന്നതാണ് ജോ ബൈഡന്‍ – കമല ഹാരിസ് ടീമിന്റെ തിളക്കമാര്‍ന്ന വിജയം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here