അമേരിക്കയിൽ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന് നീതി തേടി അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ കുറ്റക്കാരനായ പൊലീസുകാരൻ ജോലി ചെയ്യുന്ന മിനിയാപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധം രൂക്ഷമായതോടെ വൈറ്റ് ഹൗസിന് സുരക്ഷാസേന താഴിട്ടു.
നിരവധി പേരാണ് ജോർജിന് നീതി തേടി രംഗത്തെത്തിയത്. പലരും അക്രമാസക്തരായി. ജോർജിനെ കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിച്ചു കൊലപ്പെടുത്തിയ പൊലീസുകാരന്റെ പേര്‌പുറത്തു വന്നതോടെ ഇയാളുടെ വീടിന് മുന്നിലേയ്ക്കും പ്രതിഷേധക്കാർ എത്തി. ഡെറിക് ചൗൽ എന്ന പൊലീസുകാരനാണ് ജോർജിനെ കൊന്നത്. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജോർജ് ഫ്ലോയിഡ് (46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് നിരവധി കടകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു. എല്ലാ തരത്തിലും തെറ്റായ സംഭവമാണ് നടന്നതെന്നും എന്നാൽ അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ പറഞ്ഞു.
സംഭവത്തിൽ നാല് പൊലീസുകാരെ പിരിച്ചുവിട്ടിരുന്നു. അമേരിക്കയിലെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം ശക്തമാണ്. മിന്നെസോട്ട, ലൂയിസ്‍വില്ലെ, കെന്റക്കി എന്നിവിടങ്ങളിലും കലാപം പടരുകയാണ്. മിന്നെസോട്ടയിലെ സെന്റ് പോളിൽ 170ലേറെ വ്യാപാരസ്ഥാപനങ്ങളാണ് കത്തിനശിച്ചത്. ലൂയിസ്‍വില്ലെയിൽ നിരവധി കെട്ടിടങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു.





































