വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക്‌ഡൊണാൾഡ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാരെ അറിയിക്കുന്നതിന് മുന്നോടിയായി യുഎസിലെ എല്ലാ ഓഫീസുകളും ഈ ആഴ്ച താൽക്കാലികമായി അടയ്ക്കുമെന്ന് മക്‌ഡൊണാൾഡ് അറിയിച്ചു.
തിങ്കൾ മുതൽ ബുധൻ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി കഴിഞ്ഞയാഴ്ച ജീവനക്കാർക്ക് മെയിൽ അയച്ചിരുന്നു. മക്‌ഡൊണാൾഡ് എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമല്ല. അതേസമയം, ഈ ആഴ്ച ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ വ്യക്തിഗത മീറ്റിംഗുകളും റദ്ദാക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയോടെ പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യത്തെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും നേരിടാൻ കമ്പനികൾ ശ്രമിക്കുമ്പോൾ തൊഴിലവസരങ്ങൾ ഇല്ലാതാകുകയാണ്. ഗൂഗിൾ, ആമസോൺ, ഫേസ്‌ബുക്ക് എന്നിവയുൾപ്പെടെ നിരവധി സാങ്കേതിക ഭീമന്മാർ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
യുഎസ് ടെക് കമ്പനികളിലെ കൂട്ട പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഇന്ത്യക്കാരുമുണ്ട്. താൽക്കാലിക വിസയിൽ യുഎസിൽ താമസിക്കുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമായി. തൊഴിൽ രഹിതരാകുന്ന എച്ച്- 1 ബി വിസ ഉടമകൾക്ക് അവരെ സ്പോൺസർ ചെയ്യാൻ പുതിയ തൊഴിലുടമകളെ കണ്ടെത്താതെ നിയമപരമായി 60 ദിവസം മാത്രമേ യുഎസിൽ തുടരാനാകൂ. ഇതും ബാധിക്കപ്പെട്ട തൊഴിലാളികൾക്ക് തിരിച്ചടിയാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB




































