
ഒക്കലഹോമ: ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഫെഡറല്‍ ഗവണ്‍മെന്റ് ഗൈഡ്‌ലൈന്‍സില്‍ പ്രതിക്ഷേധിച്ച് ഒക്കലഹോമ . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിക്ഷേധ പ്രകടനം നടത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (ഇന്റര്‍നാഷണല്‍) ഒക്കലഹോമയില്‍ തന്നെ തുടരുവാന്‍ അനുമതി നല്‍കണമെന്നു പ്രതിക്ഷേധക്കാര്‍ ആവശ്യപ്പെട്ടു.
പരിംഗ്ടണ്‍ ഓവലില്‍ ജൂലൈ 13-നു തിങ്കളാഴ്ച രാവിലെ പ്ലാക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും മുഴക്കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനത്തില്‍ പങ്കെടുത്തത്.
ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാക്കിത്തരണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ വന്നവരാണ്. പഠനം പൂര്‍ത്തിയാകാതെ നാട്ടിലേക്ക് മടങ്ങുന്നത് ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല- ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയായ റ്ററ്റെന്‍ഡ പറഞ്ഞു.
ഞങ്ങള്‍ നിരാശരാണ്. ഞങ്ങള്‍ക്ക് ശരിയായി ശ്വാസം വിടുന്നതിനുപോലും കഴിയുന്നില്ല- ഇംഗ്ലണ്ടില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയായ ഫക്‌സലി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ടവരാണ്. അവരെ സഹായിക്കുന്നതിനു ഏതറ്റംവരെ പോകുന്നതിനും ഞങ്ങള്‍ തയാറാണ് – യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജോസഫ് ഹരോസ് ഉറപ്പുനല്‍കി.