
വാഷിങ്ടന്‍: അധികാരത്തില്‍ നിന്നു പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപിന്റെ അറ്റോര്‍ണിമാര്‍ വാദിച്ചത് യുഎസ് സെനറ്റ് തള്ളിക്കളഞ്ഞു.
ഫെബ്രുവരി 9ന് ഉച്ചക്കു ശേഷം യുഎസ് സെനറ്റ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് ട്രയല്‍ ഭരണഘടനാവിധേയമാണോ എന്ന് ചര്‍ച്ച നടത്തിയശേഷം നടന്ന വോട്ടെടുപ്പിലാണ് ഇംപീച്ച്‌മെന്റ് തുടരുന്നതിനുള്ള അനുമതി 44നെതിരെ 56 വോട്ടുകള്‍ക്ക് അംഗീകരിച്ചത്.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും ഭരണഘടനാ വിധേയമാണെന്നു വോട്ടെടുപ്പിലൂടെ അംഗീകരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍മാരില്‍ 6 പേര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു.റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മിറ്റ്‌റോംനി, ലിസ(അലാസ്ക്ക) സൂസന്‍ കോളിന്‍സ് (മെയ്ന്‍), ബെന്‍സാസെ(നെബ്രസ്ക്ക), പാറ്റ് റ്റൂമി (പെന്‍സില്‍വാനിയ), ബില്‍ കാസഡി (ലൂസിയാന) എന്നിവരാണ് കൂറുമാറി വോട്ടു ചെയ്തത്.
സെനറ്റില്‍ പ്രമേയം പാസ്സായതോടെ യോഗം പിരിച്ചുവിടുകയും ഫെബ്രുവരി 10 ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് വിചാരണ ആരംഭിക്കുകയും ചെയ്യും. ഇംപീച്ച്‌മെന്റിനെ കുറിച്ചുള്ള അവസാന വോട്ടെടുപ്പ് ഈയാഴ്ച അവസാനം തന്നെ ഉണ്ടായിരിക്കും.
ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാകണമെങ്കില്‍ 67 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമാണ്. ഇന്നത്തെ വോട്ടെടുപ്പില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ എല്ലാവരും ഇതേ നിലപാട് സ്വീകരിക്കണമെന്നില്ല. ഒരു കാരണവശാലും ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സെനറ്റില്‍ പാസ്സാക്കാന്‍ കഴിയുകയില്ല.
By പി.പി. ചെറിയാന്‍




































