അസൂയ-മനസാക്ഷി നെടുകെ പിളര്‍ക്കുന്ന ഈര്‍ച്ചവാള്‍ (പി പി ചെറിയാന്‍)

0
979
adpost

ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തര്ഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തില്‍നിന്നോ ബഹിര്‍ഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായോ അസൂയയെ ആരെങ്കിലും വിശേഷിപ്പിച്ചുവെങ്കില്‍ ഒരു പരിധി വരെ അതിലൊട്ടും അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല .മനുഷ്യനെ മനുഷ്യനല്ലതാകുന്ന ,മൃഗതുല്യനാകുന്ന പക ,വിദ്വേഷം,പിണക്കം ,ക്രോധം ,ഈര്‍ഷ്യ ,ഗര്‍വ് തുടങ്ങിയതിനെക്കാള്‍ ഉപരി മനുഷ്യ മനസാക്ഷിയെ നെടുകെ പിളര്‍ക്കുന്ന ഈര്‍ച്ചവാളാണ് അസൂയയെന്നു വ്യാഖ്യാനിച്ചാല്‍ അതായിരിക്കും അതിനു നല്‍കാവുന്ന എറ്റവും അനുയോജ്യമായ വിശേഷണം.

ചരിത്ര പുസ്തകങ്ങളിലൂടെ വെറുതെയൊന്നു കണ്ണോടിച്ചപ്പോള്‍ സുപ്രസിദ്ധ ഇറ്റാലിയന്‍ കലാകാരന്മാരായ മൈക്കിളാഞ്ചലോയും റാഫേലിനെയും കുറിച്ച് എഴുതിയിരുന്ന ഒരു സംഭവ കഥ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഈ കഥ അസൂയയുടെ ഫലമായി ഉളവാകുന്ന അതി ഭയങ്കര പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു .

ഒരു പ്രത്യേക കാലഘട്ടത്തില്‍ വത്തിക്കാനു വേണ്ടി ചില മനോഹരമായ ശില്‍പവേലകളും ചിത്രരചനയും നടത്തുവാന്‍ ഇരു കലകളിലും അതി സമര്‍ത്ഥരായിരുന്നു ഇരുവരും നിയോഗിക്കപ്പെട്ടു. രണ്ടുപേരും എല്ലാവരാലും വളരെ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്ന വ്യക്തികളായിരുന്നു. ഓരോരുത്തരേയും ഏല്‍പ്പിച്ചിരുന്നു ജോലികള്‍ വിഭിന്നങ്ങളായിരുന്നു. എങ്കിലും തമ്മില്‍ കാണുമ്പോള്‍ പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അസൂയയുടെ കൈപ്പേറിയ ആത്മാവിനു ഇരുവരും വിധേയരായിത്തീര്‍ന്നു.അവര്‍ തമ്മിലുള്ള ഈ ഉഗ്രമായ വിദ്വേഷത്തെ പറ്റി അവരെ പരിചയമുണ്ടായിരുന്നു എല്ലാവര്‍ക്കും വ്യക്തമായ അറിവുണ്ടായിരുന്നു.തങ്ങള്‍ വേല ചെയ്യുന്നത് ദൈവനാമ മഹത്വത്തിനു വേണ്ടിയാണെന്ന് ഇരുവരും ചിന്തിച്ചിരുന്നു എന്നുള്ളതാണ് ഏറ്റവും ആശ്ചര്യകരമായ വസ്തുത.

യഥാര്‍ത്ഥത്തില്‍ ദൈവനാമത്തിനു എത്ര അവമതിയാണ് അല്ലെങ്കില്‍ അപമാനമാണ് അവരുടെ പ്രവര്‍ത്തികളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു മനസിലാകുന്നതിനുപോലും അവര്‍ക്കു കഴിഞ്ഞിരുന്നില്ല എന്നാണ് ചരിത്രത്തില്‍ അവരെക്കുറിച്ചു കറുത്ത ലിപികളില്‍ രേഖപെടുത്തിയിരിക്കുന്നതു.ഇന്ന് മനുഷ്യരുടെയിടയില്‍ പ്രത്യേകിച്ച് മനുഷ്യന്‍ സ്രഷ്ടിച്ച മതങ്ങളില്‍ ,രാഷ്ടീയ പാര്‍ട്ടികളില്‍ ,ഭരണകര്‍ത്തകള്‍ക്കിടയില്‍ ,സംഘടനകളില്‍ കാണുന്ന ഭിന്നിപ്പുകള്‍ക്കെല്ലാം അടിസ്ഥാന കാരണം അസൂയയെന്ന മാരക രോഗമല്ലാതെ പിന്നെയെന്താണ് ? നമ്മുടെ എറ്റവും അടുത്ത ഒരാള്‍ ബൗതീകമായൊ ആത്മീകമായോ വളര്‍ച്ച പ്രാപിക്കുന്നതു കാണുമ്പോള്‍ അവരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു അനുമോദിക്കുന്നതിനോ , അംഗീകരിക്കുന്നതിനോ തടസമായി നില്‍ക്കുന്ന ഏക പ്രേരകശക്തി അസൂയയെന്നതല്ലാതെ പിന്നെയെന്താണ്? പുറമെ നോക്കുമ്പോള്‍ സുഖസുന്ദരമായ ജീവിതം നയിക്കുന്നുവെന്നു തോന്നുന്ന പലരുടെയും ഹൃദയത്തിനകത്തു പലപ്പോഴും നീറിപ്പുകയുന്നതു അഗ്‌നിപര്‍വതമാണെന്നു മനസ്സിലാക്കാന്‍ പോലും കഴിയാതെ അവരെ അസൂയയോടെ വീക്ഷിക്കുന്നത് എത്ര ക്രൂരമാണ്. ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന മഹാമാരിയില്‍ ജീവന്‍ നഷ്ടപെട്ടവരില്‍ ഒരാളെപോലെയോ ,രോഗാതുരരായി വര്‍ഷങ്ങളോളം ശയാവലംബിയായി കഴിയുന്ന മറ്റൊരാളെപ്പോലെയോ ഞാന്‍ ആയിത്തീരുന്നില്ലല്ലോ എന്നതില്‍ അസൂയപെടുന്ന ഒരാളെയെങ്കിലും എവിടെയെങ്കിലും കണ്ടെത്താനാകുമോ ?

ഈശ്വരവിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവരുടെ ഇടയില്‍ തന്നെ അസൂയ എന്ന പാപം സര്‍വ്വസാധാരണമായിരിക്കുന്നു .മനസ്സാ വാചാ അറിയാത്ത കാര്യ ങ്ങള്‍ക്കുപോലും തങ്ങളുടെ നേര്‍ക്ക് ഉപയോഗിക്കപ്പെടുന്ന ക്രൂരമായ വാക്ശരങ്ങള്‍ ആഞ്ഞു പതിക്കുമ്പോള്‍ ഉള്ളിലുണ്ടാകുന്ന വേദന അനുഭവിച്ചറിഞ്ഞവരാണ് മിക്കവാറും നാം എല്ലാവരും തന്നെ. യഥാര്‍ത്ഥ വിശ്വാസികളില്‍ പലരും അസൂയാലുക്കളായ വില്ലാളിവീരന്മാരാല്‍ ഇപ്രകാരം മുറിവേല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളേക്കാള്‍ കൂടുതല്‍ വ്യാപകമായി ഈശ്വരനില്‍ നിന്നും ദാനമായി ലഭിച്ചിരിക്കുന്ന സ്ഥാനവും അധികാരവും തങ്ങള്‍ക്ക് വേണമെന്ന് ആഗ്രഹിക്കുന്നു എന്നുള്ളതല്ലാതെ മറ്റൊരു കാരണം അവരുടെ മേല്‍ പറഞ്ഞ വിധത്തിലുള്ള ആക്രമത്തിന് ചൂണ്ടികാണിക്കുവാന്‍ കാണുകയില്ല. എന്നാല്‍ അസൂയ മൂലം ഏറ്റവും വലിയ വേദന അനുഭവിക്കേണ്ടിവരുന്നത് അത് വെച്ചുപുലര്‍ത്തുന്ന ആള്‍ തന്നെയായിരിക്കും എന്ന് മനസിലാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നതു വളരെ ഖേദകരമായ സത്യമാണ് .ഒരു ഈശ്വര വിശ്വാസിയുടെ ആത്മീയ ആരോഗ്യത്തിന് അടിസ്ഥാനം സകല കാര്യങ്ങളിലും ഈശ്വരന് കേന്ദ്രസ്ഥാനം കൊടുക്കുന്നതും എല്ലാവരെയും സ്‌നേഹിക്കാന്‍ ഒരുക്കമുള്ളതുമായ ഒരു മനോഭാവമാകുന്നു .എന്നാല്‍ അസൂയ ഒരു മനുഷ്യന്‍റെ ധാര്‍മിക ബോധത്തിന് അസ്ഥിമജ്ജകള്‍ വരെയും കാര്‍ന്നുതിന്നുന്ന ഒരു മാരകരോഗമാണെന്ന് തിരിച്ചറിയുവാന്‍ വൈകുന്നത് ആപത്കരമാണ് . അതുകൊണ്ടാണ് തത്വജ്ഞാനിയായ സോക്രട്ടീസ് അസൂയയെ നെ ആത്മാവിനെയല്ലെങ്കില്‍ മനഃസാക്ഷിയെ പിളര്‍ക്കുന്ന ഈര്‍ച്ചവാള്‍ ഇന്ന് വിളിക്കാന്‍ ഇടയായത്.

ആധുനിക കാലഘട്ടത്തില്‍ എറ്റവും അനുയോജ്യമായി ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് പോലെ നാം ദൈവത്തെയും നമ്മുടെ അയല്‍ക്കാരെയും സ്‌നേഹിക്കുകയാണെങ്കില്‍ അസൂയയും നിര്‍ദയമായ സംസാരരീതിയും എല്ലാം പാടെ ഉപേക്ഷികുവാന്‍ കഴിയും. അതോടെ അസൂയ മൂലം ഉളവാക്കുന്ന ക്ഷതങ്ങള്‍ ഒഴിവാക്കുന്നതില്‍ നമ്മുടെ പങ്ക് നിര്‍വഹിക്കുകയായിരിക്കും നാം ചെയ്യുന്നത് .ഒരുവന് ഒരേ സമയം അസൂയാലുവും സന്തോഷവാനുമായിരിക്കുവാന്‍ സാധ്യമല്ലയെന്നതും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here