gnn24x7

ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന് ട്രംപ്

0
302
gnn24x7

വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യു.എസും ചൈനയും വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാര്‍ പുനരാലോചിക്കാന്‍ താന്‍ തയ്യാറല്ലാ എന്നാണ് ട്രംപിന്റെ നിലവിലെ നിലപാട്.

”വ്യാപാര ഇടപാടിനെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനക്കാര്‍ എവിടെയോ പറഞ്ഞു. ഞങ്ങള്‍ വീണ്ടും ചര്‍ച്ച നടത്താന്‍ പോകുന്നില്ല”ട്രംപ് ഫോക്‌സ് ബിസിനസ് ന്യൂസിനോട് പറഞ്ഞു.

‘നോക്കൂ, ആ പ്രത്യേക വിഷയവുമായി (ചൈന) ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മനസ്സിലാകും. അവര്‍ ഞങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യാന്‍ താരിഫ് ഈടാക്കുന്നു,പക്ഷേ ഞങ്ങള്‍ക്ക് അതിനുള്ള അനുവാദമില്ല,” ട്രംപ് പറഞ്ഞു.

യു.എസില്‍ നിന്ന് ചൈനക്കാര്‍ എല്ലായ്‌പ്പോഴും ഇന്‍ടെലെക്ച്ച്വല്‍ പ്രാപ്പര്‍ട്ടി (ഐ.പി) മോഷ്ടിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

അമേരിക്കയും ചൈനയും തമ്മില്‍ നിലവില്‍ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൊവിഡിന് പിന്നില്‍ ചൈനയാണെന്നാണ് ട്രംപിന്റെ വാദം. ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസയില്‍ അമേരിക്ക ഈയടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

മാര്‍ച്ചില്‍, ചൈന മൂന്ന് അമേരിക്കന്‍ പത്രങ്ങളില്‍ നിന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു.

ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന അഞ്ച് മാധ്യമ സ്ഥാപനങ്ങളെ യു.എസ് പ്രവര്‍ത്തനങ്ങളുമായി വിദേശ എംബസികള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ തുടങ്ങും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. കൊവിഡില്‍ അമേരിക്ക അലംഭാവം കാണിച്ചെന്നു ചൂണ്ടിക്കാട്ടി  അമേരിക്കയെ പരിഹസിച്ചുകൊണ്ട് വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന പേരില്‍ ചൈന ഒരു അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു. ഇതും അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here