gnn24x7

കൊവിഡ്; ചികിത്സയ്ക്കായി അമേരിക്കയില്‍ എബോള ചികിത്സയ്ക്കുള്ള മരുന്ന് ഉപയോഗിക്കുന്നു

0
237
gnn24x7

ന്യൂയോര്‍ക്ക്: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ എബോള ചികിത്സയ്ക്കുള്ള മരുന്ന് ഉപയോഗിക്കുന്നു. അടിയന്തര ആവശ്യാര്‍ത്ഥം കണക്കിലെടുത്ത് ഈ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ അനുമതി നല്‍കി.

എബോളയ്‌ക്കെതിരെയുള്ള ആന്റി വൈറല്‍ മരുന്നായ റെംഡെസ്‌വിര്‍ ( Remdesiver) ആണ് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

കൊവിഡ് രൂക്ഷമായ രോഗികളില്‍ ഈ മരുന്ന് ഉപയോഗിച്ചതോടെ രോഗവിമുക്തി നേടുന്നതില്‍ വേഗതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെംഡെസ്‌വിര്‍ ഉപയോഗിക്കാനൊരുങ്ങുന്നത്. വൈറസിന്റെ ജനിതഘടനയില്‍ ഈ മരുന്ന് ഇടപെടുന്നു.

എന്നാല്‍ അതേ സമയം തന്നെ ഈ മരുന്നിന് ദൂഷ്യവശങ്ങളുണ്ടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെതിരെയുള്ള ഒരു മാജിക് മരുന്നായി ഇതിനെ കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

റെംഡെസവില്‍ എബോളയെ ഭേദമാക്കുമെന്നതില്‍ കൃത്യമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഈ മരുന്നിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് ഇത് ഒരു പരീക്ഷണ മരുന്നാണെന്നും ഏത് അവസ്ഥയില്‍ ഉപയോഗിച്ചാലും മരുന്ന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ്. ഒപ്പം ഗുരുതര പാര്‍ശ്വ ഫലത്തിനു സാധ്യതയുമുണ്ടെന്ന് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ ഈ മരുന്ന് ഉപയോഗത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിഫോര്‍ണിയയിലെ ഗിലീഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഈ മരുന്ന് നിര്‍മിക്കുന്നത്. കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ ഒഡേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

15 ലക്ഷം മരുന്നുകള്‍ നല്‍കുമെന്നാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചത്. അമേരിക്ക, ഫ്രാന്‍സ്, ചൈന, ദക്ഷിണ കൊറിയ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നായി 1063 പേര്‍ക്കിടയിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. കൊവിഡ് ഭേദമാക്കുന്നതില്‍ വ്യക്തമായ തെളിവില്ലെങ്കിലും രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നൊഴിവാക്കാന്‍ ഈ മരുന്ന് ഉപകാരപ്പെടും എന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

നേരത്തെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത മലേറിയക്കെതിരയുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയിലുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ മരുന്ന് ഫലപ്രദമല്ലെന്നും ഉപയോഗിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നതായും പഠന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here