സംസ്ഥാനത്ത് സ്വര്‍ണ വില പവന് നാല്‍പ്പതിനായിരത്തിനു തൊട്ടരികെ. തുടര്‍ച്ചയായി എട്ടാമത്തെ ദിവസമാണ് സ്വര്‍ണവില പുതിയ റെക്കോഡിലെത്തുന്നത്. ഇന്ന് പവന് 320 രൂപ കൂടി 39,720 രൂപയായി.
ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപ കൂടി ഉയര്‍ന്നാല്‍ പവന് 40,000 രൂപയിലെത്തും. ഈ നിരക്കില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ജി എസ് ടി യും പണിക്കൂലിയും സെസുമുള്‍പ്പെടെ 44,000 രൂപയിലേറെ നല്‍കേണ്ടി വരും.
കൊവിഡ് മൂലമുളള ആഗോള സാമ്പത്തിക പ്രതിസന്ധി,ഡോളറിന്റെ മൂല്യത്താഴ്ച, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് എന്നിവയാണ് വില വര്‍ദ്ധനവിന്റെ പ്രധാന കാരണങ്ങള്‍. സ്വര്‍ണത്തിന്റെ വില ഉടനൊന്നും കുറയാനിടയില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്കു ശേഷം വെള്ളിയുടെ വില അല്‍പ്പം താഴ്ന്നു.
ഡോളര്‍ ഉള്‍പ്പെടെയുള്ള ഇതര നിക്ഷേപങ്ങളില്‍ നിന്ന് വന്‍ തോതില്‍ സ്വര്‍ണ്ണത്തിലേക്കുള്ള മാറ്റം തുടരുന്നതിനാല്‍ വിപണിയിലെ ഇപ്പോഴത്തെ മേല്‍ഗതി തുടരാനാണ് സാധ്യതയെന്ന് ഇന്ത്്യയിലെ ആഭരണ വ്യവസായികളുടെ സംഘടനയായ ഐബിജിഎ യുടെ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി അഭിപ്രായപ്പെട്ടു.